കൊട്ടി കൊട്ടി കയറി ആവേശക്കടലായി കൊട്ടിക്കലാശം, ത്രസിപ്പിച്ച് പാലക്കാട്, ഇനി നിശബ്ദം; 20 ന് വിധിയെഴുത്ത്

പാലക്കാട്: തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ സസ്‌പെന്‍സുകള്‍ നിറഞ്ഞ പാലക്കാട് മണ്ഡലത്തില്‍ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. യുഡിഎഫ്​, എൽഡിഎഫ്​, ബിജെപി മുന്നണികളുടെ ആയിരക്കണക്കിന് പ്രവർത്തകരാണ് കൊട്ടിക്കലാശത്തിൽ പങ്കാളികളായത്. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയി പി. സരിന്‍ ഇടതുസസ്ഥാനാര്‍ഥിയായത്, സിപിഎം ഉയര്‍ത്തിയ നീലട്രോളി വിവാദം, ബിജെപിയോട് അകന്ന സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശം അടക്കം നിരവധി വിഷയങ്ങളാണ് പ്രചാരണത്തില്‍ നിറഞ്ഞ് നിന്നത്.

പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകള്‍ തങ്ങളുടേതാക്കാന്‍ മത്സരിക്കുകയായിരുന്നു മുന്നണികള്‍. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ ക്യാംപുകളെല്ലാം ഒരുപോലെ ആത്മവിശ്വാസത്തിന്റെയും ആവേശത്തിന്റെയും പരകോടിയിലാണ്.

കൊട്ടിക്കലാശത്തോട് അനുബന്ധിച്ച് മുന്നണി സ്ഥാനാര്‍ഥികളുടെയും റോഡ് ഷോ ഉച്ചയോടെ ആരംഭിച്ചു. എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്തായിരുന്നു സമാപനം. കലാശക്കൊട്ടു നടക്കുന്നതിനാല്‍ 6.30 വരെ പാലക്കാട് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ മൂന്ന് മുന്നണിയുടെയും മുതിര്‍ന്ന നേതാക്കള്‍ പ്രചാരണ രംഗത്ത് സജീവമായിരുന്നു. ഒരു മാസത്തിലധികം നീണ്ട വീറും വാശിയും നാളത്തെ നിശബ്ദ പ്രചാരണത്തോടെ അവസാനിക്കും.ബുധനാഴ്​ചയാണ്​ വോട്ടെടുപ്പ്.

More Stories from this section

family-dental
witywide