
പാലക്കാട്: പാലക്കാട് ഉപ തെരഞ്ഞെടുപ്പിനിടെ വെണ്ണക്കരയിൽ സംഘർഷം. യു ഡി എഫ് സ്ഥാനാർഥി ബുത്തിലെത്തിയതുമായി ബന്ധപ്പെട്ട് തുടങ്ങിയ വാക്ക് തർക്കമാണ് സംഘർഷത്തിന് കാരണമായത്. രാഹുൽ മാങ്കൂട്ടത്തിലിനെ എൽ ഡി എഫ് പ്രവർത്തകർ തടഞ്ഞത് യു ഡി എഫ് പ്രവർത്തകർ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ ഇരു പക്ഷത്തും പ്രവർത്തകർ സംഘടിച്ചു. ഇതിനിടെ പൊലീസും ഇടപെട്ടതോടെ സംഘർഷത്തിന് നേരിയ അയവ് വന്നിട്ടുണ്ട്.
അതേസമയം ആവേശവും ട്വിസ്റ്റുകളും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ പാലക്കാട് വിധിയെഴുതുകയാണ്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറ് മണി വരെയാണ്. ഏറ്റവും ഒടുവിൽ പുറത്തുവരുമ്പോൾ കണക്കുകൾ പ്രകാരം അഞ്ച് മണിവരെ 60 ശതമാനത്തിലേറെ പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. പി. സരിനാണ് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരരംഗത്തുള്ളത്. എന്‍.ഡി.എ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറാണ്.