പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാര്‍ഥിയായി ഡിസിസി നിര്‍ദേശിച്ചത് കെ മുരളീധരനെയെന്ന് വ്യക്‌തമാക്കുന്ന കത്ത് പുറത്ത്. ഡിസിസി ദേശീയ നേതൃത്വത്തിനയച്ച കത്താണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. കെ മുരളീധരന്‍റെ സ്ഥാനാർഥിത്വം ബിജെപിയെ തോല്‍പ്പിക്കാന്‍ ഗുണം ചെയ്യും എന്ന് കത്തില്‍ പറയുന്നു. മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണം ചൂടുപിടിച്ചു നടക്കുന്നതിനിടെയാണ് കത്ത് പുറത്തുവന്നത്.
രണ്ട് പേജുള്ള കത്തിന്റെ ഒരു ഭാഗമാണ് പുറത്ത് വന്നത്. ഡിസിസി ഭാരവാഹികള്‍ ഐകകണ്‌ഠ്യേനയെടുത്ത തീരുമാനമാണ് ഇതെന്നും പാലക്കാട് സീറ്റ് നിലനിര്‍ത്താന്‍ കെ മുരളീധരനാണ് യോഗ്യനെന്നും കത്തില്‍ പറയുന്നു. എന്നാൽ പുറത്തുവന്ന ഭാഗത്ത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം പുറത്ത് വന്ന കത്തിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്.
അതൊക്കെ കഴിഞ്ഞു പോയ അധ്യായമാണെന്നും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അവസരം കൊടുക്കണമെന്ന ആവശ്യമുണ്ടായിരുന്നുവെന്നും അതാണ് പരിഗണിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു.