പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി ഡോ. പി സരിന് തെരഞ്ഞെടുപ്പ് ചിഹ്നമായി സ്റ്റെതസ്കോപ്പ് തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ചു. സംസ്ഥാനത്ത് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതിനു പിന്നാലെയാണ് ചിഹ്നം അനുവദിച്ചത്. ഓട്ടോറിക്ഷ ചിഹ്നത്തിന് പ്രഥമ പരിഗണന നൽകണമെന്നായിരുന്നു സരിൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഓട്ടോറിക്ഷ ചിഹ്നം നൽകാനാകില്ലെന്നും പകരം സ്റ്റെതസ്കോപ്പ് നൽകുന്നുവെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. ചേലക്കരയിൽ ഡി എം കെ സ്ഥാനാർഥിയായി മത്സരിക്കുന്ന എൽ കെ സുധിറിനാണ് ഓട്ടോറിക്ഷ ചിഹ്നം അനുവദിച്ചത്.
സിവിൽ സർവീസ് ഉപേക്ഷിച്ച് പൊതുപ്രവർത്തനത്തിലേക്കെത്തിയ ഡോ. പി സരിൻ ഈ തിരഞ്ഞെടുപ്പ് കാലത്താണ് കോൺഗ്രസ് വിട്ട് ഇടത് പാളയത്തിലെത്തിയത്. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാർഥിത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയ സരിനെ മത്സരിപ്പിക്കാൻ സി പി എം തീരുമാനിക്കുകയായിരുന്നു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സരിൻ ഒറ്റപ്പാലം മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.
അതിനിടെ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി കൂടി നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ രമേഷ് കുമാര്‍ ആണ് അവസാന ദിവസമായ ഇന്ന് (ഒക്ടോബര്‍ 30) പത്രിക പിന്‍വലിച്ചത്. കെ. ബിനുമോള്‍ (സി.പി.ഐ.എം- ഡെമ്മി) നേരത്തെ പത്രിക പിന്‍വലിച്ചിരുന്നു. ഇതോടെ മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ എണ്ണം അന്തിമമായി. 10 സ്ഥാനാര്‍ത്ഥികളാണ് ഉപതിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടാവുക.