പാലക്കാട് കള്ളപ്പണം എത്തിച്ചെന്ന് ആരോപണം : കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച മുറികളില്‍ രാത്രി പരിശോധന, സംഘര്‍ഷം

പാലക്കാട്: ഉപതിരഞ്ഞെടുപ്പിനുവേണ്ടി കള്ളപ്പണം കൊണ്ടു വന്നെന്ന് ആരോപിച്ച് അര്‍ധരാത്രി പാലക്കാട്ടെ ഹോട്ടലില്‍ വനിതാ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച മുറിയിലേക്കു പൊലീസ് എത്തി പരിശോധനയ്ക്കു ശ്രമിച്ചു. എന്നാല്‍ വനിതാ ഉദ്യോഗസ്ഥരില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പൊലീസ് സംഘത്തെ ആദ്യം തടഞ്ഞ് മടക്കി അയച്ചെങ്കിലും അര മണിക്കൂറിനു ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ചു പരിശോധന പൂര്‍ത്തിയാക്കുകയായിരുന്നു. എന്നാല്‍ പൊലീസ് പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.

ഇന്നലെ രാത്രി 12.10നാണ് സൗത്ത്, നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഒരു സംഘം വനിതാ ഉദ്യോഗസ്ഥരില്ലാതെ ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയത്.

ഇവര്‍ ഷാനിമോള്‍ ഉസ്മാന്‍ താമസിക്കുന്ന മുറിയിലേക്കു മുന്നറിയിപ്പില്ലാതെ പരിശോധിക്കാന്‍ കയറി. ഇതിനു പിന്നാലെ ബിന്ദുകൃഷ്ണയും ഭര്‍ത്താവ് കൃഷ്ണകുമാറും താമസിച്ചിരുന്ന മുറിയിലേക്കും ഉദ്യോഗസ്ഥര്‍ കയറാന്‍ ശ്രമിച്ചു. ഇവര്‍ ബഹളം വച്ചതോടെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്ത് സംഘടിച്ചെത്തി. ഇവരുടെ ആവശ്യ പ്രകാരം വനിതാ ഉദ്യോഗസ്ഥരെത്തി സാധന സാമഗ്രികളും മറ്റും വലിച്ചിട്ടു പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.

ഇതിനിടെ പുറത്ത് സിപിഎം, ബിജെപി നേതാക്കള്‍ സംഘടിച്ചെത്തി പരിശോധന മറ്റു മുറികളിലേക്കു നീട്ടണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ചു. എംപിമാരായ വി.കെ.ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ ഹോട്ടലിലേക്ക് എത്തിയെങ്കിലും ഇവരെയും പുറത്തു കാത്തു നിന്ന ബിജെപി, സിപിഎം നേതാക്കളെയും അകത്തേക്കു കയറ്റി വിട്ടില്ല.

എല്‍ഡിഎഫിലെ എ.എ.റഹീം എംപിയും മറ്റും പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പൊലീസിനോടു തര്‍ക്കിച്ചു. ബിജെപി നേതാക്കളായ വി.വി.രാജേഷ്, സി.ആര്‍.പ്രഫുല്‍ കൃഷ്ണ, പ്രശാന്ത് ശിവന്‍, സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍ തുടങ്ങിയവരും പരിശോധന വേണമെന്ന് ആവശ്യപ്പെട്ടു ബഹളംവച്ചു.

ഹോട്ടലില്‍ താമസിക്കുന്ന സിപിഎം നേതാക്കളുടെ മുറികളിലും പരിശോധന വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. സംഭവം അറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും കയ്യേറ്റ ശ്രമമുണ്ടായി.

More Stories from this section

family-dental
witywide