
പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ പ്രാവശ്യത്തെ അപേക്ഷിച്ച് പോളിംഗ് ഇക്കുറി മന്ദഗതിയിലാണ് നീങ്ങുന്നതെന്നാണ് സൂചന. ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം പോളിംഗ് 34% മാണ്.
പോളിംഗ് തുടങ്ങി ആദ്യ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 3.4 ശതമാനമായിരുന്നു പോളിങ്. പാലക്കാട് നഗരസഭയില്‍ 3.67 ശതമാനം പോളിങും, മാത്തൂര്‍ പഞ്ചായത്തില്‍ 3.01 ശതമാനവും, കണ്ണാടി പഞ്ചായത്തില്‍ 3.30 ശതമാനവും, പിരിയാരി പഞ്ചായത്തില്‍ 3.8 ശതമാനം പോളിങുമാണ് ആദ്യ മണിക്കൂറില്‍ രേഖപ്പെടുത്തിയത്.
തിരഞ്ഞെടുപ്പ് ദിനത്തിലും പരസ്പരം പഴിചാരിയും കുറ്റപ്പെടുത്തിയും സ്ഥാനാര്‍ത്ഥികളും സജീവമായി രംഗത്തുണ്ട്. പാലക്കാടിലേത് കേരളം ആഗ്രഹിക്കുന്ന വിധിയാകുമെന്നാണ് ഷാഫി പറമ്പില്‍ എംപി പ്രതികരിച്ചത്. പാലക്കാടിന്റെ മണ്ണും മനസ്സും രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമായിരിക്കുമെന്നും ഷാഫി പറഞ്ഞു. മാത്രമല്ല, എല്‍ഡിഎഫിന് നല്ലത് ബൂമറാങ് ചിഹ്നമായിരുന്നുവെന്ന് സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിക്കുകയും ചെയ്തു. പത്ര പരസ്യം ഉള്‍പ്പെടെ എല്‍ഡിഎഫിന് തിരിച്ചടിയായെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
യുഡിഎഫിന് കിട്ടേണ്ട ഒരു വോട്ട് പോലും ഇല്ലാതാക്കാന്‍ എല്‍ഡിഎഫിന്റെ പരസ്യങ്ങള്‍ക്ക് കഴിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പ്രതികരിച്ചു. ഇലക്ഷന്‍ കഴിഞ്ഞാലും കേരളത്തില്‍ മതസൗഹാര്‍ദം വേണമെന്നും അതിന്റെ കടക്കല്‍ കത്തിവെക്കുന്ന പ്രസ്താവനയാണ് എല്‍ഡിഎഫ് രണ്ട് പ്രമുഖ പത്രങ്ങളിലും നല്‍കിയ വാര്‍ത്തയെന്നും അദ്ദേഹം വ്യക്തമാക്കി. പത്രങ്ങളില്‍ പരസ്യം കൊടുക്കുന്നത് കൊണ്ട് മാത്രം ഇവിടെ ആരും ജയിക്കാന്‍ പോകുന്നില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു
പാലക്കാട്ടെ ജനങ്ങള്‍ ബി.ജെ.പി.ക്കൊപ്പമാണെന്ന് എന്‍.ഡി.എ. സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറും പറഞ്ഞു. പതിനായിരം വോട്ട് ഭൂരിപക്ഷമാണ് ബി.ജെ.പി. പാലക്കാട് മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പാലക്കാട് മണ്ഡലത്തില്‍ തങ്ങളുടെ ജനകീയാടിത്തറ കൂടുതല്‍ വിപുലമായെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
തികഞ്ഞ വിജയ പ്രതീക്ഷ തന്നെയാണ് എല്‍ഡിഎഫ് സ്വതന്ത്രന്‍ പി സരിനും പങ്കുവയ്ക്കുന്നത്.