പാലക്കാട്: പാതിരാത്രി പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട വിവാദം കത്തുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണത്തില്‍ ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങളടക്കം പുറത്തുവിട്ട് സി പി എം ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. നീല ട്രോളി ബാഗുമായി കെഎസ്‌യു നേതാവ് ഫെനി എത്തുന്നതടക്കം ദൃശ്യങ്ങളില്‍ വ്യക്തമാണ്. എം പിമാരായ ഷാഫി പറമ്പിലും വികെ ശ്രീകണ്ഠനും ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ കെപിഎം ഹോട്ടലിലേക്ക് കയറുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഹോട്ടല്‍ ഇടനാഴിയിലൂടെ ഫെനി ഒരു മുറിയിലേക്ക് ട്രോളി ബാഗ് കൊണ്ടുപോകുന്നതും കുറച്ചു കഴിഞ്ഞ് ഇതേ ബാഗുമായി തിരിച്ചുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതേ മുറിയിലേക്ക് രാഹുലും ഷാഫിയും പോകുന്നുണ്ട്. തുടര്‍ന്ന് ഇടനാഴിയില്‍നിന്ന് ഇരുവരും സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഈ ട്രോളി ബാഗില്‍ കള്ളപ്പണമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ വേണ്ടിയാണു പണം എത്തിച്ചതെന്നായിരുന്നു സിപിഎം ആരോപണം. എന്നാല്‍ ആരോപണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലില്ലെന്നാണ് സുരേഷ് ബാബു നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാല്‍ ബാഗ് പൊലീസിന് കൈമാറാമെന്നും കള്ളപ്പണ ഇടപാട് നടന്നെങ്കില്‍ പൊലീസ് എന്തുകൊണ്ട് തെളിയിക്കുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ മറുപടി നൽകി. ട്രോളി ബാഗിൽ ഡ്രസായിരുന്നെന്നും രാഹുൽ പറഞ്ഞു. മുന്‍ വാതിലിലൂടെയാണ് കയറി വരുന്നതും ഇറങ്ങി പോകുകയുമാണ് ചെയ്തത്. സി പി എം നേതാക്കൾ ആരോപിക്കുന്നതുപോലെ പിൻവാതിലിലൂടെയാണ് ഇറങ്ങിയതെന്ന് തെളിയിക്കുന്ന ദൃശ്യം കാട്ടിയാൽ ആ നിമിഷം പ്രചാരണം നിര്‍ത്തുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വെല്ലുവിളിച്ചു.