പാലക്കാട്: ഭർത്താവുമായി വഴക്കിട്ട് വീട്ടിൽ കയറി തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു. പാലക്കാട് ചെറുകോട് പ്രദീപിന്റെ ഭാര്യ ബീന (30) ആണ് മരിച്ചത്. ഭർത്താവിനോട് ഫോണിൽ വഴക്കിട്ടതിന് പിന്നാലെയാണ് കിടപ്പുമുറിയിൽ കയറി ബീന തീകൊളുത്തിയത്. രണ്ട് മക്കളും ഒപ്പമുണ്ടായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിഖ (12) , നിവേദ (എട്ട്) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
കിടപ്പുമുറിയിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച ബീനയെയും രണ്ട് മക്കളെയും ഇന്ന് രാവിലെയാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. മൂന്നുപേരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബീനയുടെ ജീവൻ രക്ഷിക്കാനായില്ല. മകൾ നിഖയ്‌ക്കും 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. നിവേദയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.ബീനയുടെയും പ്രദീപിന്റെയും പ്രണയ വിവാഹമായിരുന്നു. പ്രദീപിന്റെ പിതാവ് രാമൻ, മാതാവ് ചന്ദ്രമതി, ഇളയ സഹോദരൻ പ്രജിത്ത്, ഭാര്യ സ്‌നേഹ എന്നിവരും ഈ വീട്ടിൽ തന്നെയാണ് താമസം. ജോലി സംബന്ധമായി വടകരയിലാണ് പ്രദീപ് താമസിച്ചിരുന്നത്. ഇന്നലെ രാത്രി ഫോണിൽ സംസാരിക്കുന്നതിനിടെ പ്രദീപും ബീനയും തമ്മിൽ വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബീന കടുംകൈ ചെയ്തത്. സംഭവത്തിൽ പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
palakkad woman who tried to commit suicide died in hospital