ന്യൂയോര്‍ക്ക് : ഐ.യു.എം’എല്‍ നാഷണല്‍ പൊളിറ്റികല്‍ അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാനും ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സില്‍ ജനറല്‍ ബിനായ ശ്രീകാന്ത പ്രധാനുമായി ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിക്കുകയും ആശങ്കകള്‍ പങ്കുവയ്ക്കുകയും ചെയ്തു.
കൂടാതെ, നേതാക്കളുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ആവശ്യങ്ങളും അടങ്ങിയ രൂപരേഖ തയ്യാറാക്കിക്കൊണ്ടാണ് പര്യടനത്തിന്റെ അവസാന ദിവസം കോണ്‍സില്‍ ജനറലിനെ കണ്ടത്.
പ്രവാസികളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളായ യാത്ര പ്രശ്‌നങ്ങള്‍, സീസണ്‍ കാലത്ത് വിമാന ചാര്‍ജിന്റെ വര്‍ദ്ധനവ്, ഒ.സി.ഐ കാര്‍ഡ് വിഷയം, അമേരിക്കയില്‍ പാസ്‌പോര്‍ട്ട് പുതുക്കി കിട്ടാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന മലയാളികളുടെ പ്രശ്‌നങ്ങള്‍, അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പ് എടുത്ത ഇന്ത്യക്കാര്‍ നാട്ടില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ പ്രവാസി വിഷയങ്ങള്‍ വളരെ വിശദമായിത്തന്നെ സംസാരിച്ചു.
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു കൂടിക്കാഴ്ച. ശിഹാബ് തങ്ങളെക്കുറിച്ച് നേരത്തെ ധാരാളം കേട്ട് പരിചയമുള്ള കോണ്‍സുലര്‍ അദ്ദേഹത്തെപ്പോലെയുള്ള ആദരണീയനായ ഒരു നേതാവ് കോണ്‍സുലേറ്റില്‍ വന്നതില്‍ അതിയായ സന്തോഷവും ചാരിതാര്‍ത്ഥ്യവും പ്രകടിപ്പിച്ചു. കൂടാതെ ദീര്‍ഘകാലമായി ഡല്‍ഹിയിലുള്ള അഡ്വ. ഹാരിസ് ബീരാനെക്കുറിച്ചും സന്ദര്‍ശന സംഘത്തിലുള്ള ഷെഖീഖ് അടക്കംപലരുമായും കേന്ദ്ര വിദേശ കാര്യ വകുപ്പിലെ പല ഉദ്യോഗസ്ഥര്‍ക്കുമുള്ള ബന്ധങ്ങള്‍ കോണ്‍സില്‍ ജനറല്‍ ചൂണ്ടിക്കാട്ടി.
ഇ.അഹമ്മദ് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരിക്കെ മിനിസ്റ്ററി ഓഫ് എക്‌സ്റ്റേര്‍ണല്‍ അഫയേഴ്‌സ് വകുപ്പുമായി ബന്ധപ്പെട്ട പല സുപ്രധാന നേട്ടങ്ങളെക്കുറിച്ചും എടുത്തുപറഞ്ഞ കോണ്‍സുലര്‍ ജനറല്‍, ഇ. അഹമ്മദിന്റെ ഭരണ നൈപുണ്യങ്ങളും, സവിശേഷതകളും അനുസ്മരിച്ചു. കോണ്‍സുലര്‍ ജനറലിന്റെ ചായ സല്‍ക്കാരത്തിലും അവര്‍ പങ്കെടുത്താണ് നേതാക്കള്‍ മടങ്ങിയത്.
സാദിഖലി ശിഹാബ് തങ്ങളെയും ഹാരിസ് ബീരാന്‍ എം.പിയെയും കൂടാതെ പ്രവാസി പൊതു പ്രവര്‍ത്തകരായ കെ.എം.സി.സി യു.എസ്.എ പ്രസിഡണ്ട് യു എ നസീര്‍, യു.എ.ഇ കെ. എം.സി.സി ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹ, എരഞ്ഞിക്കല്‍ ഹനീഫ്, മുസ്തഫ കമാല്‍ എന്നിവരും സന്നിഹിതരായിരുന്നു. അമേരിക്കന്‍ പര്യടനം പൂര്‍ത്തിയാക്കി സാദിക്കലി ശിഹാബ് തങ്ങളും ഹാരിസ് ബീരാന്‍ എം.പിയും സംഘവും കഴിഞ്ഞദിവസം ന്യൂയോര്‍ക്ക് നിന്ന് നാട്ടിലേക്ക് തിരിച്ചു.