‘വിരട്ടൽ ഇങ്ങോട്ട് വേണ്ട’, ട്രംപിന്റെ ഭീഷണിയോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് പനാമ പ്രസിഡന്റ്, ‘കനാലിന്റെ പരമാധികാരം ആർക്കുമുന്നിലും അടിയറവയ്ക്കില്ല’

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതകളില്‍ ഒന്നായ പനാമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക്‌ അതേനാണയത്തിൽ മറുപടിയുമായി പനാമ പ്രസിഡന്‍റ് ജോസ് റൗള്‍ മുലിനോ രംഗത്ത്. പനാമയോട് ഭീഷണി വേണ്ടെന്നു മുലിനോ തുറന്നുപറഞ്ഞു.

പനാമയുടെ ഓരോ ചതുരശ്രമീറ്ററും അനുബന്ധ മേഖലകളും തങ്ങളുടേതാണ്. അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും. പനാമയുടെ സ്വാത്രന്ത്ര്യമോ പരമാധികാരമോ ആര്‍ക്കു മുന്‍പിലും അടിയറവച്ചതല്ല, പനാമയെന്ന വികാരം മനസില്‍ സൂക്ഷിക്കുന്നവരാണ് ഞങ്ങളുടെ ജനങ്ങളെന്നും ട്രംപിന് മുലിനോ മറുപടി നല്‍കി. എക്സിലൂടെയാണ് ട്രംപിന്‍റെ ഭീഷണിക്ക് മുലിനോ മറുപടി നല്‍കിയത്.

അമേരിക്കൻ പ്രസിഡന്‍റ് പദവി ഏറ്റെടുത്ത് കഴിഞ്ഞാല്‍ പനാമയുടെ നിയന്ത്രണം യു എസ് ഏറ്റെടുക്കുമെന്നായിരുന്നു ട്രംപിന്‍റെ പ്രസ്താവന. പനാമ കനാലിലൂടെ കടന്നുപോകുന്ന യു എസ് കപ്പലുകള്‍ക്ക് അടക്കം അമത നിര‍ക്ക് ഈടാക്കുന്നുവെന്ന വിമർശനം മുന്നോട്ട് വെച്ചാണ് കനാലിന്‍റെ നിയന്ത്രണം ഏറ്റെടുക്കേണ്ടിവരുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്.

1904-14 കാലത്താണ് യുഎസ് പനാമ കനാല്‍ നിര്‍മിച്ചത്. 1999 ല്‍ ഇത് പനാമയ്ക്ക് കൈമാറിയെങ്കിലും രാഷ്ട്രീയവും സാമ്പത്തികവും അടക്കമുള്ള ചര്‍ച്ചകള്‍ ഇന്നും തുടരുകയാണ്. ലോകവ്യാപാരത്തിന്റെ ആണിക്കല്ലായ കപ്പല്‍പ്പാതയെച്ചൊല്ലിയുള്ള യുഎസ് പനാമ വിവാദം മറ്റു ലോകരാജ്യങ്ങളും ഉറ്റനോക്കുകയാണ്.

More Stories from this section

family-dental
witywide