ന്യൂയോർക്ക്: ഖാലിസ്ഥാനി വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നുവിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ താൻ നിരപരാധിയാണെന്ന് ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്ത. തിങ്കളാഴ്ച മാൻഹട്ടനിലെ ഫെഡറൽ കോടതിയിൽ കുറ്റക്കാരനല്ലെന്ന് നിഖിൽ ഗുപ്ത മൊഴി നൽകി. ഇന്ത്യൻ ഗവൺമെൻ്റിൻ്റെ ഉത്തരവനുസരിച്ച് പന്നുവിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്നതാണ് അദ്ദേഹത്തിനെതിരായ ആരോപണം.
നിഖിൽ ഗുപ്തയെ ഫെഡറൽ കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ അഭിഭാഷകൻ ജെഫ്രി ചാബ്രോ വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിച്ചു. “ഇത് നമ്മുടെ രണ്ട് രാജ്യങ്ങൾക്കും സങ്കീർണ്ണമായ വിഷയമാണ്. തുടക്കത്തിൽ തന്നെ നിഗമനങ്ങളിൽ എത്തിച്ചേരാതിരിക്കേണ്ടത് വളരെ പ്രധാനമാണ്. പശ്ചാത്തലവും വിശദാംശങ്ങളും ഇനിയും പുറത്തുവരാനുണ്ട്. അത് നിലവിലെ ആരോപണങ്ങളെ പൂർണ്ണമായും പുതിയ വെളിച്ചത്തിലേക്ക് നയിക്കും.”
“നിഖിൽ ഗുപ്തയെ ശക്തമായി പ്രതിരോധിക്കുകയും ബാഹ്യ സമ്മർദ്ദങ്ങൾ പരിഗണിക്കാതെ അദ്ദേഹത്തിന് എല്ലാ പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്രബന്ധം കോടതിയുടെ കണ്ടെത്തലുകൾക്ക് ശേഷം പരിശോധിക്കാമെന്ന് ഗുപ്തയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ചെക് റിപ്പബ്ലിക്കിലെ പ്രാഗിൽ കഴിഞ്ഞവർഷം ജൂൺ 30ന് അറസ്റ്റിലായ നിഖിൽ ഗുപ്തയെ കഴിഞ്ഞ 16ന് യുഎസിന് കൈമാറിയിരുന്നു. മൻഹാട്ടനിലെ ഫെഡറൽ കോടതിയാണ് കേസ് പരിഗണിക്കുന്നത്. കോടതിക്കു പുറത്ത് ഖലിസ്ഥാൻ പതാകകളുമായി പന്നുവിന്‍റെ അനുയായികൾ എത്തിയിരുന്നു.