പാനൂർ ബോംബ് സ്ഫോടനം; ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

കണ്ണൂർ: പാനൂർ മുളിയാത്തോട് ബോംബ് സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ ഉൾപ്പെടെ രണ്ടുപേർ കൂടി പിടിയിൽ. ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി മീത്തലെ കുന്നോത്തുപറമ്പ് ത​ങ്കേശപുരയിൽ ഷിജാൽ (27), കൂട്ടാളി കരിയാവുള്ളതിൽ ചാലി അക്ഷയ് (27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കേസിന്റെ അന്വേഷണച്ചുമതലയുള്ള കൂത്തുപറമ്പ് എ.സി.പി. കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇരുവരെയും അറസ്റ്റുചെയ്തത്. ഷിജാലിനെ കണ്ടെത്താൻ മൂന്നുദിവസമായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരിുന്നു. ഉദുമൽപേട്ടിൽ ഒളിവിൽ കഴിഞ്ഞ ഇരുവരെയും പാലക്കാട് ബോർഡറിൽ വെച്ചാണ് പിടികൂടിയത്.

സ്ഫോടനത്തിൽ മരിച്ച എലിക്കൊത്തന്റവിട ഷരിൽ (31) ഉൾപ്പെടെ 12 പ്രതികളാണുള്ളത്. ഷരിലാണ് ഒന്നാംപ്രതി. അടുപ്പ് കൂട്ടിയപറമ്പത്ത് സബിൻ ലാൽ (25), കുന്നോത്തുപറമ്പ് കിഴക്കയിൽ കെ. അതുൽ (28), ചെണ്ടയാട് പാടാൻതാഴെ ഉറവുള്ളക്കണ്ടിയിൽ അരുൺ (28), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കണ്ടിമ്മൽ സി. സായൂജ് (24), മുളിയാത്തോട് കെ. മിഥുൻ (27), കുന്നോത്തുപറമ്പത്ത് അമൽ ബാബു (29) എന്നിവർ നേരത്തേ അറസ്റ്റിലായി.

വലിയപറമ്പത്ത് വി.പി. വിനീഷ് (37), ചിറക്കരണ്ടിമ്മൽ വിനോദൻ (38), പാറാട് പുത്തൂരിൽ കല്ലായിന്റവിടെ അശ്വന്ത് (എൽദോ-26) എന്നിവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആശുപത്രിയിൽനിന്നു പുറത്തിറങ്ങുന്നതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.

ഷിജാലിനെ ചോദ്യം ചെയ്യുന്നതോടെ ബോംബ് നിർമാണം ആർക്കുവേണ്ടി, എന്തിനുവേണ്ടി എന്ന കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. വ്യാഴാഴ്ച രാത്രി ഒരുമണിയോടെയാണ് മുളിയാത്തോട് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ പരിക്കേറ്റവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ജില്ല പൊലീസ് മേധാവി അജിത്ത് കുമാർ, കൂത്തുപറമ്പ് എ.സി.പി കെ.വി.വേണുഗോപാൽ എന്നിവരുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം.

More Stories from this section

family-dental
witywide