കോഴിക്കോട്: കേരളമാകെ ചർച്ചയായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ അന്ന് രക്ഷപ്പെട്ട പ്രതി രാഹുൽ പി ഗോപാൽ വീണ്ടും ക്രൂരത കാട്ടി. ഇക്കുറി ഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞുപോയെന്നതടക്കമുള്ള കാരണങ്ങൾ പറഞ്ഞാണ് ഭാര്യയോട് രാഹുൽ ക്രൂരത കാട്ടിയത്. ആദ്യത്തെ തവണ രാഹുലിനൊട് ക്ഷമിക്കുകയും പിന്നീട് ഒപ്പം ജീവിക്കുകയും ചെയ്ത ഭാര്യ തന്നെ വീണ്ടും പരാതിയുമായി രംഗത്തെത്തിയതോടെ രാഹുൽ റിമാൻഡിലായി. അന്ന് രക്ഷപ്പെട്ട രാഹുലിന് ഇനി 14 ദിവസം ജയിലിൽ അഴിയെണ്ണിക്കഴിയാം. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് രാഹുലിനെ റിമാൻഡ് ചെയ്തത്.
പറവൂർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുലിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത്. സമാനമായ പരാതിയിൽ നേരത്തെ പന്തീരങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കിയ ശേഷം ഇരുവരും ഒരുമിച്ച് താമസിച്ച് വരവെയാണ് വീണ്ടും ഗാർഹിക പീഡന പരാതി ഉയർന്നത്.
ഭക്ഷണത്തിൽ ഉപ്പ് പോരെന്നതടക്കമുള്ള കാരണങ്ങൾ പറഞ്ഞ് ഭർത്താവ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന പുതിയ പരാതിയുമായാണ് യുവതി പൊലീസിനെ സമീപിച്ചത്. മുഖത്തും ശരീരത്തിലും മർദ്ദനമേറ്റത്തിന്റെ പാടുകളുമായി കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയ യുവതി പിന്നീട് വീട്ടുകാർക്കൊപ്പമെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടിൽ വച്ചും ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസിൽ വച്ചും യുവതിയെ രാഹുൽ മർദ്ദിച്ചതായി എഫ് ഐ ആറിൽ പറയുന്നു. മുഖത്തും തലയ്ക്കും കൈകൊണ്ട് ഇടിച്ചു. മരണം വരെ സംഭവിക്കുമായിരുന്നുവെന്നും എഫ്ഐആറിലുണ്ട്.