
കേരളത്തിൽ വലിയ ചർച്ചയായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ നീക്കം. ഭർത്താവ് രാഹുലിനെതിരെ ആദ്യം പരാതിനൽകിയ യുവതി ഇപ്പോൾ പരാതിയില്ലെന്ന് സത്യവാങ്മൂലം നൽകി. പ്രതിഭാഗത്തിനാണ് പെൺകുട്ടി സത്യവാങ്മൂലം നൽകിയത്. വീട്ടുകാർ പറഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തതെന്നും പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം കള്ളമാണെന്നും യുവതി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയില്ലെന്ന് സത്യവാങ്മൂലം സമർപ്പിച്ചത്.
എന്നാൽ കേസിൽ പരാതിക്കാരിയുടെ പുതിയ നിലപാട് നിലനിൽക്കില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. പെൺകുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. മർദ്ദനമേറ്റ് ബോധരഹിതയായ പെൺകുട്ടിയെ ഭർത്താവ് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ തെളിവായുണ്ടെന്നും അന്വേഷണ സംഘം ചൂണ്ടികാട്ടി.