
കോഴിക്കോട്: വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസിലുള്‍പ്പെട്ട യുവതിയെ ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് രാഹുല്‍ അറസ്റ്റില്‍.
യുവതിയുടെ മുഖത്തും തലയ്ക്കും ചുണ്ടിനും ഇടത്തേ കണ്ണിനും പരുക്കേറ്റിട്ടുണ്ട്. ഭര്‍ത്താവായ രാഹുല്‍ തന്നെ പന്തീരാങ്കാവിലെ വീട്ടില്‍വെച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരുംവഴി ആംബുലന്‍സില്‍വെച്ചും മര്‍ദിച്ചെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ഇന്നലെ രാത്രി എട്ടുമണിയോടെ ഗുരുതരമായി പരുക്കേറ്റ യുവതിയെ ഭര്‍ത്താവ് രാഹുല്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന്, അമ്മയെ ഒപ്പം നിര്‍ത്തി മുങ്ങുകയായിരുന്നു. ആശുപത്രിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാഹുലിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് പന്തീരങ്കാവ് പൊലീസ് പറഞ്ഞു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നത് പുരോഗമിക്കുകയാണ്. മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും വകുപ്പുകള്‍ ചുമത്തുന്നതെന്നും പൊലീസ് അറിയിച്ചു.
നേരത്തേ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതി യുവതി ഉയര്‍ത്തിയിരുന്നു. പരാതിയില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തില്‍ പൊലീസ് നടപടിയില്‍ വീഴ്ച ഉണ്ടായെന്ന വിമര്‍ശനത്തിലും വനിതാ കമ്മിഷന്‍ ഇടപെടലിലും പന്തീരാങ്കാവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ട് പൊലീസുകാരെ ഐജി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ഭര്‍ത്താവ് ഒഴികെ നാലു പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. എന്നാല്‍ പിന്നീട് പരാതിയില്‍ നിന്നും യുവതി പിന്മാറുകയും ഭര്‍ത്താവുമായി ഒരുമിച്ച് ജീവിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു. ഇരുവരും ഹൈക്കോടതിയില്‍ നല്‍കിയ ഒത്തുതീര്‍പ്പ് ഹര്‍ജിയില്‍ രണ്ടുമാസം മുന്‍പാണ് കേസ് കോടതി റദ്ദാക്കിയത്.