
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി ഗോപാല്‍ നവവധുവിനെ മർദ്ദിച്ചെന്ന് സമ്മതിച്ച് സാമൂഹിക മാധ്യമത്തിലൂടെ രംഗത്ത്. ഭാര്യയെ തല്ലിയെന്നൊരു തെറ്റ് തന്റെ ഭാഗത്തുണ്ടായെന്നും എന്നാൽ സ്ത്രീധനത്തിന്‍റെയോ കാറിന്‍റെയോ പേരിലല്ലെന്നും രാഹുൽ ന്യായീകരിച്ചു. ജർമനിയിൽ ജോലി ചെയ്യുന്ന തനിക്ക് നാട്ടിൽ കാറിന്റെ ആവശ്യമില്ലെന്നും രാഹുൽ ന്യായീകരണമായി പറഞ്ഞു.
താൻ രാജ്യം വിട്ടെന്നും രാഹുൽ ലൈവിൽ പറഞ്ഞു. നാട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമായതിനാലാണ് രാജ്യം വിടേണ്ടി വന്നതെന്നും പെൺകുട്ടിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്നും ഭീഷണി ഉണ്ടായതിനു പിന്നാലെയാണ് ഇങ്ങനെ ചെയ്തതെന്നും രാഹുൽ വിവരിച്ചു. എന്റെ ഭാവി എന്താകുമെന്ന് എനിക്കറിയില്ല. ഇപ്പോൾ ഭക്ഷണം പോലും കഴിക്കാതെ ഏതോ സ്ഥലത്ത് തെണ്ടിത്തിരിഞ്ഞ് പണ്ടാരമടങ്ങി നടക്കുകയാണെന്നും പ്രതി വിശദീകരിച്ചു.
എന്നാൽ രാഹുൽ രാജ്യം വിട്ടു എന്നത് പൊലീസ് വിശ്വസിച്ചിട്ടില്ല. രാഹുലിന്‍റെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷന്‍ കണ്ടെത്തിയത് കര്‍ണാടകയിലാണെന്നാണ് സൂചന. കോഴിക്കോടുനിന്ന് റോഡ് മാര്‍ഗം ബെംഗളൂരുവിലെത്തിയ പ്രതി ഇവിടെനിന്ന് സിംഗപ്പൂരിലേക്ക് കടന്നതായും സംശയമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.