
ആശുപത്രിയില്‍ വെച്ച് പരിശോധനയ്‌ക്കെത്തിയ പ്രതിയുടെ ആക്രമണത്തില്‍ മരിച്ച വന്ദനയുടെ ഓര്‍മ്മ എന്നും മലയാളി മനസുകളുടെ വിങ്ങലാണ്. കേരളം ഞെട്ടലോടെ കേട്ടുണര്‍ന്ന വാര്‍ത്തയും വന്ദനയുടെ മുഖവും മലയാളികള്‍ മറക്കാനിടയില്ല. ഏക മകളുടെ മരണം നല്‍കിയ ആഘാതം ഇനിയും വിട്ടുമാറാത്ത മാതാപിതാക്കള്‍ വന്ദനയുടെ വലിയൊരു സ്വപ്നം സാക്ഷാത്കരിക്കാനൊരുങ്ങുകയാണ്.
സാധാരണക്കാര്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കാന്‍ തൃക്കുന്നപ്പുഴയില്‍ ക്ലിനിക്കുമായി വന്ദനാ ദാസിന്റെ മാതാപിതാക്കള്‍ മോഹന്‍ദാസും വസന്തകുമാരിയും. തൃക്കുന്നപ്പുഴയില്‍ വസന്തകുമാരിക്ക് കുടുംബ ഓഹരിയായി ലഭിച്ച ഭൂമിയിലാണ് ക്ലിനിക്ക് ഉയരുന്നത്. മുമ്പുണ്ടായിരുന്ന കെട്ടിടം ഡോ. വന്ദനദാസ് മെമ്മൊറിയില്‍ ക്ലിനിക്ക് എന്ന പേരില്‍ പുതുക്കി പണിയുകയായിരുന്നു. വന്ദനയുടെ വിവാഹത്തിനായി കരുതിവെച്ച പണമാണ് ഇതിനായി ഉപയോഗിക്കുന്നത്.
വന്ദന കൊല്ലപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷമാണ് മകളുടെ ആഗ്രഹം സഫലമാകുന്നത്. ചിങ്ങത്തില്‍ ഉദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നത്. ക്ലിനിക്കിന്റെ രജിസ്‌ട്രേഷനും ലൈസന്‍സും അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചിങ്ങമാസത്തില്‍ ഉദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നത്. ഒരുമാസംകൊണ്ട് തീര്‍ക്കാന്‍ ലക്ഷ്യമിട്ട് ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്.
തൃക്കുന്നപ്പുഴയില്‍ സാധാരണക്കാര്‍ക്കായി ഒരു ക്ലിനിക്ക് വേണമെന്നും ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും സൗജന്യ സേവനം നടത്തണമെന്നുമായിരുന്നു വന്ദനയുടെ ആഗ്രഹം. ആഗ്രഹം മനസിലടക്കി വന്ദന യാത്രയായെങ്കിലും മകള്‍ക്കായി അത് ഏറ്റെടുക്കുകയായിരുന്നു രക്ഷിതാക്കള്‍.