പാരിസ്: അരമാസത്തോളം നീണ്ടുനിന്ന ലോക കായിക മാമാങ്കത്തിന്‍റെ 2024 സീസണിന് ഇന്ന് കൊടിയിറക്കം. ലോകത്തിന്‍റെ ഹൃദയം ഒരിക്കൽകൂടി കവർന്ന ഒളിംപിക്സിനാണ് പാരീസിൽ ഇന്ന് തിരശ്ശീല വീഴുന്നത്. ലോകരാജ്യങ്ങൾ വീറോടെ പൊരുതിയ കായിക മാമാങ്കത്തിൽ അവസാനദിനത്തിൽ അമേരിക്കയെ അട്ടിമറിച്ച് ചൈന മെഡൽപ്പട്ടികയിൽ ഒന്നാം സ്ഥാനം പിടിച്ചെടുത്തു. 40 സ്വർണവുമായാണ് ചൈന തലപ്പത്തെത്തിയത്. അമേരിക്കക്ക് 38 സ്വർണമാണ് ഇതുവരെ സ്വന്തമാക്കാനായത്. 19 സ്വർണം നേടിയ ജപ്പാനാണ് മൂന്നാം സ്ഥാനത്ത്. 18 സ്വർണമുള്ള ഓസ്ട്രേലിയ നാലാമതും 16 സ്വർണം സ്വന്തമാക്കിയ ആതിഥേയരായ ഫ്രാൻസ് അഞ്ചാം സ്ഥാനവും സ്വന്തമാക്കി. ഒരു വെള്ളിയും 5 വെങ്കലവുമുള്ള ഇന്ത്യ 71 -ാം സ്ഥാനത്താണ്.
ഉദ്ഘാടന ചടങ്ങിൽ ലോകത്തെ വിസ്മയിപ്പിച്ച പാരിസ്, സമാപനത്തിൽ കരുതിവച്ചിരിക്കുന്ന അത്ഭുങ്ങൾ കണ്ടറിയണം. പതിനഞ്ച് പകലിരവുകൾക്ക് ഇപ്പുറം കണ്ണഞ്ചിപ്പിക്കുന്നൊരു സമാപനമൊരുക്കിയാണ് പാരിസ് കാത്തിരിക്കുന്നത്. തുറന്ന വേദിയിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തുന്ന ചടങ്ങുകൾ എണ്‍പതിനായിരം പേർക്കൊരുമിച്ച് കാണാനാകും. ഉദ്ഘാടന ചടങ്ങിലൂടെ ലോകത്തെ വിസ്മയിപ്പിച്ച തോമസ് ജോളി തന്നെയാണ് സമാപനത്തിനും ദൃശ്യാവിഷ്‌കാരമൊരുക്കുന്നത്. ഹോളിവുഡ് താരം ടോം ക്രൂസ്, ബെൽജിയൻ ഗായിക ആഞ്ജലെ തുടങ്ങി വൻ താരനിബിഡമായ ആഘോഷ രാവ് ലോകത്തെ വിസ്മയിപ്പിക്കുമെന്നുറപ്പാണ്.
താരങ്ങളുടെ പരേഡിനു ശേഷം ഒളിംപിക് പതാക അടുത്ത വിശ്വകായിക മാമാങ്ക വേദിയായ ലൊസാഞ്ചലസിന് കൈമാറും. ഇന്ത്യൻ സംഘത്തിന്‍റെ പതാകയേന്തുക മലയാളി താരം പി ആർ ശ്രീജേഷും മനു ഭാക്കറുമാണ്. പാരിസിൽ അർധരാത്രി 12.30 നാകും സമാപന ചടങ്ങുകൾക്ക് തുടക്കമാകുക. ശേഷം പാരിസിൽ നിന്ന് കായിക ലോകത്തിന്‍റെ കണ്ണുകൾ ലൊസാഞ്ചലസിലേക്ക് പതിക്കും.