വിനേഷ് ഫോഗട്ടിന് വെള്ളി മെഡൽ നൽകണമെന്ന് യുഎസ് റസ്‍ലിങ് ഇതിഹാസം ജോർഡാൻ ബറോസ്

ന്യൂയോർക്ക്: പാരീസ് ഒളിമ്പിക്സിൽ 100 ഗ്രാം ഭാരക്കൂടുതൽ മൂലം അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിനെ പിന്തുണച്ച് യുഎസ് റസ്‌ലിങ് ഇതിഹാസം ജോർഡാൻ ബറോസ്. വിനേഷ് ഫോഗട്ടിന് വെള്ളിമെഡൽ നൽകണമെന്നും അന്താരാഷ്ട്ര റസ്ലിങ് നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയമായെന്നും ജോർഡാൻ ബറോസ് പറഞ്ഞു. വിനേഷ് ഫോഗട്ട് വെള്ളിമെഡൽ അർഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരത്തിന്റെ രണ്ടാം ദിവസം ഒരു കിലോ ഭാരം അലവൻസ്, സെമി ഫൈനൽ വിജയത്തിന് ശേഷം ഫൈനൽ നഷ്ടമായാലും രണ്ടു പേർക്കും മെഡൽ നൽകണം തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന നിർദേശങ്ങൾ. ഫൈനൽ മത്സരത്തിന് മുന്നോടിയായി നടത്തിയ ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെ വിനേഷ് ഫോഗട്ടിനെ അവസാന സ്ഥാനക്കാരിയായി രേഖപ്പെടുത്തുമെന്നാണ് ഒളിമ്പിക്സ് സംഘാടകർ വ്യക്തമാക്കിയത്.

മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ 100 ഗ്രാം ഭാരമായിരുന്നു വിനേഷ് ഫോഗട്ടിന് കൂടുതലുണ്ടായിരുന്നത്. പ്രീ-ക്വാർട്ടറിൽ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവും നാലുതവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ വീഴ്ത്തിയ വിനേഷ് ക്വാർട്ടറിൽ യുക്രെയ്നിന്റെ ഒക്സാന ലിവാഷിനെയും മറികടന്നാണ് സെമിയിലേക്ക് എത്തിയത്.

സെമി ഫൈനലിൽ ക്യൂബൻ താരം യുസ്നീലിസ് ലോപസിനെ 5-0ത്തിന് വീഴ്ത്തിയായിരുന്നു വിനേഷിന്റെ കുതിപ്പ്. ഇതോടെ ഒളിമ്പിക്സ് ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും വിനേഷ് സ്വന്തമാക്കിയിരുന്നു. എന്നാൽ, ഭാരപരിശോധനയിൽ അവർ അയോഗ്യയാക്കപ്പെടുകയായിരുന്നു.

More Stories from this section

family-dental
witywide