പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; മൂന്ന് കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനം

ഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ ലോക്‌സഭയില്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത മൂന്ന് കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനം. പ്രിവിലേജസ് കമ്മിറ്റിക്ക് മുന്നില്‍ ഖേദം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് കെ ജയകുമാര്‍, അബ്ദുള്‍ ഖാലിഖ്, കെ ജയകുമാര്‍, വിജയ് വസന്ത് എന്നിവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനമായത്.

പ്രിവിലേജസ് കമ്മിറ്റി സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ബിജെപിയുടെ സുനില്‍ കുമാര്‍ സിംഗാണ് പ്രിവിലേജസ് കമ്മിറ്റിയുടെ തലവന്‍. തീരുമാനം തിങ്കളാഴ്ച ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയയ്ക്കും. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് അടുത്ത ആഴ്ച പുറത്തിറക്കും. സ്പീക്കറുടെ പോഡിയത്തില്‍ കയറിയതിലാണ് എംപിമാര്‍ ഖേദം പ്രകടിപ്പിച്ചത്. അസ്സമിലെ ബാര്‍പെറ്റയില്‍ നിന്നുള്ള എംപിയാണ് ഖാലിഖ്. വസന്ത്, കന്യാകുമാരി മണ്ഡലത്തിലെയും ജയകുമാര്‍, നാമക്കല്‍ മണ്ഡലത്തിലെയും എംപിമാരാണ്.

വെള്ളിയാഴ്ച നടന്ന യോഗത്തിലാണ് മൂന്ന് കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനമായത്. ഡിസംബര്‍ 18ന് പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ ലോക്‌സഭയില്‍ പ്രതിഷേധിച്ചതിനായിരുന്നു സസ്‌പെന്‍ഷന്‍. പ്രതിഷേധത്തെത്തുടര്‍ന്ന് 33 എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.