കൊച്ചി: കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന സംവിധായകൻ ഷാജി എന്‍ കരുണിന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. ദേശീയ പുരസ്കാര ജേതാവും വിമെൻ ഇൻ സിനിമ കളക്ടീവ് അംഗവുമായ ബീന പോളിനെ തഴഞ്ഞ് ഷാജി എന്‍ കരുണിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പാര്‍വതിയുടെ വിമര്‍ശനം. ലൈംഗികാതിക്രമ പരാതികളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്തിന് രാജിവെക്കേണ്ടി വന്നതിന് പിന്നാലെയാണ് അധ്യക്ഷസ്ഥാനത്തേക്ക് സർക്കാരിന് പുതിയ ആളുകളെ പരിഗണിക്കേണ്ടി വന്നത്.
‘ഇത്രയും മഹാമനസ്‌കതയുടെയൊന്നും ആവശ്യമില്ലായിരിക്കും സാര്‍. ഈ സ്ഥാനത്തേക്ക് വരാന്‍ എല്ലാ യോഗ്യതയുമുള്ള വ്യക്തി തന്നെ ആ സ്ഥാനത്തേക്ക് എത്തുന്നു എന്ന് നിങ്ങള്‍ക്ക് ഉറപ്പ് വരുത്താനും കഴിയും. ഒരു സ്ത്രീ ചുമതല ഏറ്റെടുത്തു എന്ന് കരുതി ആകാശം ഒന്നും ഇടിഞ്ഞുവീഴില്ലായിരിക്കും. ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ബീന പോള്‍ വരട്ടെ,’ എന്നാണ് ഷാജി എന്‍ കരുണിന്റെ പ്രതികരണത്തെ കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ച് കൊണ്ട് പാര്‍വതി കുറിച്ചിരിക്കുന്നത്.
നിലവില്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ അധ്യക്ഷനാണ് ഷാജി എന്‍ കരുണ്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷയായി ബീന പോളിനെ പരിഗണിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്കെ) ഡയറക്ടറായി നീണ്ട നാള്‍ പ്രവര്‍ത്തിച്ച പരിചയവും സിനിമാമേഖലയിലെ അവരുടെ അനുഭവസമ്പത്തുമെല്ലാം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സര്‍ക്കാരും ബീന പോളിനെ തന്നെയാണ് പരിഗണിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചില എതിര്‍പ്പുകളെ തുടര്‍ന്ന് സര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്നും പിന്മാറി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍. ഡബ്ല്യുസിസി സ്ഥാപക അംഗങ്ങളിലൊരാള്‍ കൂടിയാണ് ബീന പോള്‍.