കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി അഭിനേത്രിയും വിമെൻ ഇൻ സിനിമ കളക്ടീവ് അംഗവുമായി പാർവ്വതി തിരുവോത്ത്. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമ കോണ്‍ക്ലേവിനെ പാർവ്വതി വിമർശിച്ചു. ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പാർവ്വതിയുടെ പ്രതികരണം. വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കുന്ന കോണ്‍ക്ലേവ് എന്തിനാണെന്നും പാര്‍വതി ചോദിച്ചു.
ചൂഷണത്തിനും അതിക്രമത്തിനും ഇരയായവർ പരാതി കൊടുക്കേണ്ട ആവശ്യം ഇല്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി എടുക്കേണ്ടത് സർക്കാരാണെന്നും എത്ര പരാതികളിൽ സർക്കാർ നടപടി എടുത്തുവെന്നും പാർവ്വതി തിരുവോത്ത് പറഞ്ഞു. മലയാള സിനിമയെ നിയന്ത്രിക്കുന്ന പവർ ഗ്രൂപ്പുണ്ട് എന്നതിനു തെളിവ് തങ്ങൾക്കുണ്ടായ ജോലി നഷ്ടമാണെന്നും പാർവ്വതി തിരുവോത്ത് പറഞ്ഞു.
റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പിലെ ആ 15 പേരുടെ പേരുകൾ പുറത്തുവരാതെയും അവരെ നേരിടാനാവും. മൊഴി നൽകിയ ഓരോ സ്ത്രീയും കടന്നുപോയ സംഘർഷങ്ങൾ ഓർക്കണമെന്നും പാർവ്വതി ചൂണ്ടിക്കാട്ടി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിലൂടെ എല്ലാ പ്രശ്നങ്ങളും തീർന്നു എന്ന തെറ്റിദ്ധാരണയില്ല. റിപ്പോർട്ടിൽ സർക്കാരിന്റെ പ്രായോഗിക നടപടികളിലേക്ക് ഉറ്റുനോക്കുകയാണ്. അതുമായി ബന്ധപ്പെട്ട് കോൺക്ലേവ്, ട്രൈബ്യൂണൽ എന്നല്ലാം കേൾക്കുന്നുണ്ട്. ഇതിനെല്ലാം വ്യക്തമായ നിർവചനം വേണം. കോൺക്ലേവ് കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത് എന്താണെന്നു വ്യക്തത വേണമെന്നും പാർവ്വതി ആവശ്യപ്പെട്ടു.