ന്യൂഡൽഹി: ഇനിമുതൽ വിമാനം വൈകിയാൽ കാത്തിരുന്നു മുഷിയാതെ യാത്രക്കാർക്ക് പുറത്തിറങ്ങാനാകും. വിമാനങ്ങൾ വൈകുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) വിമാന സർവീസ് കമ്പനികൾക്കും വിമാനത്താവള അധികൃതർക്കും പുതിയ നിർദേശം നൽകിയത്. ഇതിനുള്ള സൗകര്യങ്ങൾ വിമാനത്താവള അധികൃതർ ഒരുക്കണമെന്നും ബിസിഎഎസ് അറിയിച്ചു.
ബോര്‍ഡിങിന് ശേഷം ദീര്‍ഘനേരം വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് ഇനി വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ഗേറ്റിലൂടെ പുറത്തുകടക്കാനാകും. ബോര്‍ഡിങ്ങിന് ശേഷം വിമാനങ്ങള്‍ വൈകുന്നത് മൂലം മണിക്കൂറുകളോളം യാത്രക്കാര്‍ വിമാനത്തിനകത്ത് കുടുങ്ങിക്കിടക്കേണ്ടി വരുന്നുണ്ട്. വിമാനക്കമ്പനികള്‍ക്കും എയര്‍പോര്‍ട്ട് അധികൃതര്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി ബിസിഎഎസ് ഡയറക്ടര്‍ ജനറല്‍ സുല്‍ഫിക്കര്‍ ഹസന്‍ അറിയിച്ചു.
യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശം സഹായകരമാകും. ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട സ്‌ക്രീനിങ് ഉള്‍പ്പടെയുള്ള അടിസ്ഥാന നടപടിക്രമങ്ങളുടെ കാര്യത്തില്‍ എയര്‍പോര്‍ട്ട് നടത്തിപ്പുകാര്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തണം. വിമാനത്തില്‍ നിന്നും യാത്രക്കാരെ തിരിച്ചിറക്കണോ എന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് എയര്‍പോര്‍ട്ട്, സുരക്ഷാ ഏജന്‍സികളാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.