‘അടുത്ത തലമുറയ്ക്ക് ദീപശിഖ കൈമാറുന്നു’, തന്റെ പിന്മാറ്റം പാര്‍ട്ടിയേയും രാജ്യത്തേയും ഒന്നിപ്പിക്കാന്‍: ബൈഡന്‍

വാഷിംഗ്ടണ്‍: ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ ഏറിയിട്ടും, യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറാതിരുന്ന ജോ ബൈഡന്‍ പെട്ടന്നൊരു ദിവസമാണ് പിന്മാറ്റ പ്രഖ്യാപനം നടത്തിയത്. പലരും പ്രതീക്ഷിച്ചിരുന്നതാണെങ്കില്‍പ്പോലും സൂചനകളൊന്നുമില്ലാതെയാണ് ബൈഡന്റെ തീരുമാനം എത്തിയത്. കോവിഡ് ബാധിച്ച് അവധിക്കാല വസതിയില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. കോവിഡ് മുക്തമായതിനു ശേഷം കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം അമേരിക്കക്കാരോട് തന്റെ പിന്മാറ്റത്തെക്കുറിച്ചുള്ള വിശദീകരണവുമായി എത്തി.

തന്റെ പാര്‍ട്ടിയെയും രാജ്യത്തെയും ഒന്നിപ്പിക്കാനാണ് 2024 ലെ തിരഞ്ഞെടുപ്പില്‍ നിന്ന് താന്‍ പിന്മാറിയതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ചരിത്രപരമായ ഓവല്‍ ഓഫീസ് പ്രസംഗത്തില്‍ ‘ചെറുപ്പക്കാര്‍ക്ക്’ അധികാരം കൈമാറാനുള്ള സമയമാണിതെന്നും അദ്ദേഹം തന്റെ പിന്മാറ്റത്തെക്കുറിച്ച് പറഞ്ഞു.

പിന്മാറ്റ തീരുമാനത്തിനു ശേഷമുള്ള തന്റെ ആദ്യ പ്രസംഗത്തിലായിരുന്നു 81കാരനായ ബൈഡന്‍ തന്റെ ജോലിയും ഉത്തരവാദിത്വവും പുതു തലമുറയ്ക്ക് കൈമാറുന്നുവെന്ന് വ്യക്തമാക്കിയത്. മാത്രമല്ല, പുതിയ ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ നോമിനിയായി താന്‍ ഉയര്‍ത്തിക്കാട്ടിയ 59കാരിയായ കമലാ ഹാരിസിനെ പ്രശംസിക്കാനും ബൈഡന്‍ മറന്നില്ല.

‘ജനാധിപത്യത്തിന്റെ പ്രതിരോധം, അത് അപകടത്തിലായിരിക്കുന്നത്, ഏത് പദവിയേക്കാളും പ്രധാനമാണെന്നും പുതിയ തലമുറയ്ക്ക് ടോര്‍ച്ച് കൈമാറുക എന്നതാണ് അത് മറികടക്കാനുള്ള ഏറ്റവും നല്ല വഴിയെന്നും അതാണ് നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നും’ ബൈഡന്‍ തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി.

അടുത്ത ആറ് മാസത്തില്‍ ഞാന്‍ പ്രസിഡന്റ് എന്ന നിലയില്‍ എന്റെ ജോലി ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും, കുടുംബങ്ങള്‍ക്കുള്ള ചെലവ് കുറയ്ക്കാനും ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കാനും താന്‍ ശ്രമിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബൈഡന്റെ പിന്മാറ്റത്തോടെ ട്രംപ് പ്രചാരണം കൊഴുപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ 78 കാരനായ ട്രംപാണ് യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

More Stories from this section

family-dental
witywide