ന്യൂഡൽഹി: ചികിത്സിച്ച് ഭേദമാക്കാനാവാത്തവിധം രോഗബാധിതരായി ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് അവരുടെയോ ഏറ്റവുമടുത്ത ബന്ധുക്കളുടെയോ അനുമതിയോടെയുള്ള നിഷ്ക്രിയ ദയാവധം അനുവദിക്കുന്നതിൽ ഡോക്ടർമാർക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസർക്കാർ. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കരട് രേഖയിലാണ് ഈ വ്യവസ്ഥ. കരട് നിർദേശങ്ങളിൽ ആരോഗ്യമേഖലയിൽ നിന്നുള്ളവരടക്കം ഒക്ടോബർ 20നകം അഭിപ്രായമറിയിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ജീവിതത്തിലേക്ക് ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം സമീപഭാവിയിൽ മരണമുറപ്പായ രോഗാവസ്ഥയെയാണ് മാറാരോഗമായി കരടുരേഖയിൽ നിർവചിച്ചത്.
കരടിൽ പറയുന്നത്
പ്രായപൂർത്തിയായ രോഗിക്ക് തന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞ് ജീവൻരക്ഷാസഹായം വേണ്ടെന്നുെവക്കാൻ തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതിയുടെ നിയമാവലിയുണ്ട് . സ്വന്തമായി തീരുമാനമെടുക്കാൻ ശേഷിയില്ലാത്ത രോഗികളുടെ കാര്യത്തിൽ ഏറ്റവും കുറഞ്ഞത് മൂന്ന് ഡോക്ടർമാരെങ്കിലും ഉൾപ്പെട്ട പ്രാഥമിക മെഡിക്കൽ ബോർഡ് രൂപവതകരിച്ച് സമവായമനുസരിച്ച് ജീവൻരക്ഷാ സംവിധാന കാര്യത്തിൽ തീരുമാനമെടുക്കാം.
പ്രാഥമിക മെഡിക്കൽ ബോർഡ് രോഗിയുടെ അവസ്ഥ സംബന്ധിച്ച് ബന്ധുവിനെ വിശദമായി ധരിപ്പിക്കണം . പ്രാഥമിക മെഡിക്കൽ ബോർഡ് കൈക്കൊള്ളുന്ന തീരുമാനം വേറെ മൂന്ന് ഫിസിഷ്യന്മാരടങ്ങിയ സെക്കൻഡറി മെഡിക്കൽബോർഡ് പരിശോധിച്ച് ശരിയായ തീരുമാനമാണോയെന്ന് ഉറപ്പുവരുത്തണം . ഈ ബോർഡിലെ ഒരു ഡോക്ടറെ ജില്ലാതല ചീഫ് മെഡിക്കൽ ഓഫിസർ നിയമിക്കണം.
ജീവൻരക്ഷാ സംവിധാനംകൊണ്ട് രോഗിക്ക് പ്രയോജനവുമുണ്ടാകാതിരിക്കുകയും അത് രോഗിയുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിൽ വേദനയായി മാറുകയും ചെയ്താൽ രോഗിയുടെ താത്‌പര്യാർഥം ജീവൻരക്ഷാ സംവിധാനം ഡോക്ടർക്ക് പിൻവലിക്കാം . ഒരാൾക്ക് മസ്തിഷ്ക മരണം സംഭവിച്ചാലോ, ഏറ്റവും തീവ്രമായ ചികിത്സകൊണ്ട് ഫലമില്ലാത്തവിധം രോഗാവസ്ഥ മൂർച്ഛിച്ചാലോ, ഈയൊരവസ്ഥ തിരിച്ചറിഞ്ഞ് രോഗിയോ ബന്ധുവോ സമ്മതമറിയിച്ചാലോ ദയാവധമാകാം.
തിരിച്ചുവരവിന് സാധ്യതയില്ലാത്ത വിധം ഹൃദയാഘാതം സംഭവിച്ചാൽ ഡോക്ടർമാർക്ക് ഉചിതമെന്ന് തോന്നുന്നെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകാതിരിക്കാം.
Passive euthanasia Center releases draft code of conduct