‘ലിംഗ വിവേചനം’; വിവാഹിതയായതിന് മലയാളി മിലിട്ടറി നഴ്സിനെ പിരിച്ചുവിട്ടത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി, നഷ്ടപരിഹാരം

ന്യൂഡൽഹി: 1988-ൽ വിവാഹശേഷം സർവീസിൽ നിന്ന് പിരിച്ചുവിട്ട സൈനിക നഴ്‌സിന് 60 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചു. വിവാഹിതയായി എന്നതിന്റെ പേരിൽ മലയാളിയായ മിലിട്ടറി നഴ്സിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത് ലിംഗവിവേചനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

“ഇത്തരമൊരു പുരുഷാധിപത്യ ഭരണം അംഗീകരിക്കുന്നത് മനുഷ്യൻ്റെ അന്തസ്സിനെയും വിവേചനം കാണിക്കാതിരിക്കാനുള്ള അവകാശത്തെയും ഹനിക്കുന്നു,” ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരുടെ ബെഞ്ച് പറഞ്ഞു.

മിലിട്ടറി നഴ്‌സിംഗ് സർവീസിൽ നിന്ന് ലഫ്റ്റനൻ്റ് സെലീന ജോണിനെ പിരിച്ചുവിട്ടത് തെറ്റും നിയമവിരുദ്ധവുമാണെന്ന് സുപ്രീം കോടതി പറഞ്ഞു. വിവാഹത്തിൻ്റെ പേരിൽ മിലിട്ടറി നഴ്‌സിംഗ് സർവീസിൽ നിന്ന് പിരിച്ചുവിടാൻ അനുവദിക്കുന്ന ചട്ടം 1995ൽ പിൻവലിച്ചതായും ബെഞ്ച് ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരമായ 60 ലക്ഷം രൂപ 8 ആഴ്ചയ്ക്കുള്ളിൽ നൽകാനും കോടതി നിർദേശിച്ചു.

സെലിന 1982 ലാണ് ഡൽഹിയിലെ സൈനിക ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. 1985 ൽ ലഫ്റ്റനന്റ് റാങ്കിൽ സെക്കന്ദരാബാദിലായിരുന്നു ആദ്യ നിയമനം. 1988 ൽ ലക്നൗവിലായിരിക്കെ വിവാഹിതയായതിനു പിന്നാലെയാണ് സേന ഒഴിവാക്കിയത്. കേസ് തുടരുന്നതിനിടെ, സെലിനയെ പിരിച്ചുവിടാൻ കാരണമായ സേവന വ്യവസ്ഥ കരസേന 1995 ൽ റദ്ദാക്കിയിരുന്നു.

ഇതിനിടെ, സെലിനയെ ജോലിയിൽ തിരിച്ചെടുക്കാൻ ആംഡ് ഫോഴ്സസ് ട്രൈബ്യൂണലിന്റെ ലക്നൗ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.

സെലിന ഇടക്കാലത്തു സ്വകാര്യ സ്ഥാപനത്തിൽ നഴ്സായി ജോലി ചെയ്തിരുന്നതായി അവരുടെ അഭിഭാഷകരായ അജിത് കാക്കർ കോടതിയിൽ ചൂണ്ടിക്കാട്ടി. സേനയുടെ നടപടി തെറ്റായിരുന്നുവെന്നു കോടതി വ്യക്തമാക്കി. ഇതംഗീകരിക്കുന്നതു മനുഷ്യന്റെ അന്തസ്സിനും അവകാശത്തിനും എതിരാണെന്നു ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവർ ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide