തിരുവനന്തപുരം: പുത്തൻകുരിശ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചിരുന്നുവെന്നും ആരാധനാ സ്വാതന്ത്യം ഉറപ്പാക്കുന്ന ചര്‍ച്ച് ബില്‍ ഉടന്‍ നിയമമാകുമെന്നാണ് പ്രതീക്ഷയെന്ന് ആകമാന സുറിയാനി സഭാ തലവന്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ. രണ്ടാഴ്ച നീണ്ട അപ്പോസ്തലിക സന്ദര്‍ശനശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ചര്‍ച്ച് ബില്‍ യാഥാര്‍ഥ്യമാക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. സെമിത്തേരി ബില്‍ കൊണ്ടുവന്നതില്‍ നന്ദിയുണ്ടെന്നും വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
2017 നു ശേഷം വേദനാജനകമായ ചിലകാര്യങ്ങള്‍ സംഭവിച്ചു. ക്രിസ്തീയതക്ക് ഒട്ടും യോജിച്ച കാര്യങ്ങളല്ലത്. ഒരേ വിശ്വാസത്തിലും പൈതൃകത്തിലുമുള്ളവര്‍ പരസ്പരം കലഹിച്ചിട്ട് കാര്യമില്ല. സമാധാനപരമായി കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചിലര്‍ മതത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, മതത്തെ രാഷ്ട്രീയത്തിലേക്ക് കലര്‍ത്തുന്നത് നല്ലതല്ലെന്ന നിലപാടാണ് സഭയ്ക്ക്. മണിപ്പൂരിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ മതവിശ്വാസം മാത്രമല്ല, മറ്റുചില പ്രശ്നങ്ങളുമുണ്ട്. ജനങ്ങള്‍ക്ക് സമാധാനപരമായി കഴിയാനുള്ള സൗകര്യം ഒരുക്കേണ്ടത് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളാണെന്നും അദ്ദേഹം പറഞ്ഞു.