മീനങ്ങാടി: സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ 123-ാമത് പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ഫെബ്രുവരി ഒന്നിന് വയനാട്ടില്‍ എത്തിച്ചേരും. 20 ദിവസങ്ങളോളം നീളുന്ന ഇന്ത്യൻ സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് വയനാട്ടിൽ എത്തുന്നത്.
സിറിയന്‍ സ്വദേശിയായ പാത്രിയര്‍ക്കീസ് ബാവ 2014ല്‍ പാത്രിയര്‍ക്കീസ് സ്ഥാനം ഏറ്റതിനുശേഷം ഇത് നാലാം തവണയാണ് സുറിയാനി സഭയുടെ ഭാഗമായ ഇന്ത്യയിലെ യാക്കോബായ സുറിയാനി സഭയില്‍ സന്ദര്‍ശനം നടത്തുന്നത്. 1982ല്‍ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ബാവ സന്ദര്‍ശിച്ചതിനുശേഷം ആദ്യമായാണ് നിലവിലെ പാത്രിയര്‍ക്കീസ് ബാവ വയനാട്ടിലെത്തുന്നത്. സഭയുടെ പരമാധ്യക്ഷനെ സ്വീകരിക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് മലബാര്‍ ഭദ്രാസനം ചെയ്തുവരുന്നത്.
ജനുവരി 25ന് ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന പാത്രിയർക്കീസ് ബാവ ബാംഗ്ലൂര്‍ ഭദ്രാസനത്തിലെ വിവിധ ചടങ്ങുകള്‍ക്ക് ശേഷം ഫെബ്രുവരി ഒന്നിന് മീനങ്ങാടിയിലെത്തും. രണ്ടിന് രാവിലെ ഏഴരക്ക് മീനങ്ങാടി സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വിശ്വാസ സമൂഹത്തെ അനുഗ്രഹിക്കും. സുറിയാനി സഭയുടെ വിവിധ രാജ്യങ്ങളിലെ ഒരു സംഘം മെത്രാപ്പോലീത്തമാരും ബാവയെ അനുഗമിക്കുന്നുണ്ട്. യാക്കോബായ സുറിയാനി സഭയിലെ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും വിശ്വാസികളും വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രമുഖരും ചടങ്ങുകളില്‍ സംബന്ധിക്കും.
ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മോര്‍ സ്തേഫാനോസ് ചെയര്‍മാനായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ച് വയനാട് ജില്ലയും നീലഗിരിയും ഉള്‍പ്പെടുന്ന അഞ്ച് മേഖലകളില്‍ മേഖലാ യോഗങ്ങള്‍ സംഘടപ്പിച്ച് ഒരുക്കങ്ങള്‍ നടത്തി വരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുഖമുദ്രയാക്കിയ സഭയുടെ അദ്ധ്യക്ഷന്‍റെ സന്ദര്‍ശനത്തോടനുബന്ധിച്ചും ഒരു മാസം നീണ്ടുനില്‍ക്കുന്ന രക്തദാന പ്രവര്‍ത്തനങ്ങളും അനുബന്ധ സേവനങ്ങളും ചെയ്ത് വരുന്നുതായി ഭദ്രാസന നേതൃത്വം അറിയിച്ചു.
യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവന്‍ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ പൗരോഹിത്യ ജൂബിലിയുടെ ഭാഗമായി മലബാര്‍ ഭദ്രാസനം 50 നിര്‍ധന യുവതികള്‍ക്ക് 50000 രൂപ വീതം വിവാഹ സഹായ ധനസഹായം വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വയനാട് ജില്ല കൂടാതെ കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം എന്നി ജില്ലകളിലും പാത്രിയർക്കീസ് ബാവ സന്ദർശനം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഗീവര്‍ഗീസ് മോര്‍ സ്തേഫാനോസ് മെത്രാപ്പോലീത്താ, ഫാ.ഡോ.മത്തായി അതിരംപുഴയില്‍, ഫാ. ബേബി ഏലിയാസ് കാരക്കുന്നേല്‍, ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഫാ. ജെയിംസ് വേډലില്‍, ഫാ. എല്‍ദോ എ.പി., ഫാ. സിനു ചാക്കോ, ബേബി വാളങ്കോട്ട്, കെ.എം. ഷിനോജ്, ബിനോയി അറാക്കുടി, അനില്‍ ജേക്കബ്, ജോണ്‍ ബേബി, എല്‍ദോ പോള്‍ എന്നിവര്‍ പങ്കെടുത്തു.