പുത്തൻകുരിശ്: ആഗോള സുറിയാനി സഭാ പരമാധ്യക്ഷനും, പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസുമായ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവായുടെ ഇന്ത്യാ സന്ദർശനം ജനുവരി 25 മുതൽ നടക്കും. ശ്രേഷ്ഠ കാതോലിക്ക ഡോ. ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മെത്രാഭിഷേക ജൂബിലിയിലും, മഞ്ഞനിക്കര ബാവായുടെ ഓർമ്മപ്പെരുന്നാളിലും പങ്കെടുക്കും.
25ന് ബാംഗ്ലൂരിൽ യാക്കോബായ സുറിയാനി സഭയുടെ പുതിയ പള്ളി പരിശുദ്ധ പാത്രിയർക്കീസ് ബാവ കൂദാശ ചെയ്യും. ഫെബ്രുവരി ഒന്നിന് വൈകുന്നേരം വയനാട് മീനങ്ങാടി കത്തീഡ്രൽ പള്ളിയിൽ പാത്രിയർക്കീസ് ബാവ കുർബ്ബാനയർപ്പിക്കും. ഫെബ്രുവരി 2ന് രാവിലെ 10 മണിക്ക് കോഴിക്കോട് വേളംകോട് സെൻ്റ് മേരീസ് സൂനോറോ പള്ളിയിൽ ബാവായ്ക്ക് സ്വീകരണം നല്കും. പള്ളിയുടെ 75-ാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിക്ക് താമരശ്ശേരി കാരാടിയി ലെ മൗണ്ട് ഹോറേബ് അരമനയിൽ സന്ദർശനം നടത്തും.
ഫെബ്രുവരി 4ന് പുത്തൻകുരിശിൽ ശ്രേഷ്ഠ ബാവായുടെ മെത്രാഭിഷേകത്തിന്റെ 50മത് വാർഷികാഘോഷത്തിലും, സഭാതല പാത്രിയർക്കാ ദിനാഘോഷങ്ങളിലും പങ്കെടുക്കും. ഫെബ്രുവരി 5ന് പെരുമ്പള്ളി സിംഹാസന പള്ളിയിൽ പുണ്യശ്ലോകനായ ഡോ. ഗീവറുഗീസ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലിത്തയുടെ 25-ാം ചരമ വാർഷികാചരണത്തിലും, ഓർമ്മപ്പെരുന്നാളിലും പങ്കെടുക്കും. ഫെബ്രുവരി 9ന് വൈകുന്നേരം 6 മണിക്ക് മഞ്ഞനിക്കരയിൽ തീർത്ഥാടക സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും. ഫെബ്രുവരി 10ന് രാവിലേ മഞ്ഞനിക്കര പള്ളിയിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും.
പെരുമ്പാവൂരിൽ പൗരസ്ത്യ സുവിശേഷ സമാജം ജൂബിലി ആഘോഷത്തിൽ പങ്കെടുക്കുന്നതും, കോട്ടയം തൂത്തൂട്ടിയിൽ ഏഴ് സന്യസ്തർക്ക് റമ്പാൻപട്ടം നൽകുന്നതും, മുളന്തുരുത്തി വെട്ടിക്കൽ ഉദയഗിരി സെമിനാരിയിൽ സഭാ സുന്നഹദോസ് ചേരുന്നതും ഈ സന്ദർശനത്തിലെ മറ്റു പ്രധാന പരിപാടികളാണ്.
തിരുവനന്തപുരത്ത് എത്തുന്ന ബാവ മുഖ്യമന്ത്രി പിണറായി വിജയനെയും, മലങ്കര കത്തോലിക്ക സഭയുടെ ബസ്സേലിയോസ് ക്ലീമീസ് കാതോലിക്ക ബാവയെയും സന്ദർശിക്കും.