പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ബാങ്കിങ് സേവനങ്ങൾക്ക് ആർബിഐ വിലക്ക്; പുതിയ ഉപഭോക്താക്കളെ ചേർക്കരുത്

മുംബൈ: ഫിൻടെക് സ്ഥാപനമായ പേടിഎം പേയ്മെന്‍റ്സ് ബാങ്കിന് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഫെബ്രുവരി 29 മുതൽ പുതിയ ഉപഭോക്താക്കളെ ചേർക്കരുത്. പേടിഎം ബാങ്കിന്‍റെ അക്കൗണ്ടിൽ നിക്ഷേപങ്ങൾ സ്വീകരിക്കുകയോ വാലറ്റുകൾ ടോപ്അപ് ചെയ്യുകയോ പാടില്ലെന്നും ആർബിഐ നിർദേശത്തിൽ പറയുന്നു.

അതേസമയം, പേടിഎം സേവിങ്സ് അക്കൗണ്ട്, കറന്‍റ് അക്കൗണ്ട്, ഫാസ്ടാഗ്സ്, നാഷണൽ കോമൺ മൊബിലിറ്റി കാർഡ് തുടങ്ങിയവയിൽ നിന്ന് പണം പിൻവലിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ നിയന്ത്രണമില്ലെന്ന് ആർബിഐ വ്യക്തമാക്കി. ആർബിഐ ഉത്തരവ് പേടിഎമ്മിന്റെ യൂണിഫൈഡ് പേമെന്റ് ഇന്റർഫേസിനെ ( യുപിഐയെ) ബാധിക്കില്ലെന്നാണ് സൂചന.

ഉപഭോക്താക്കൾക്ക് മറ്റൊരു ബാങ്കുമായി തങ്ങളുടെ അക്കൗണ്ട് ലിങ്ക് ചെയ്തിരിക്കുന്നിടത്തോളം കാലം യുപിഐ അടക്കം ഡിജിറ്റൽ ഇടപാടുകൾ തുടരാം. എൻസിഎംസി( നാഷണൽ കോമൺ മൊബിലിറ്റി) കാർഡുകൾ നിലവിലുള്ള ബാലൻസ് തീരും വരെ നിയന്ത്രണങ്ങൾ ഇല്ലാതെ ഉപയോഗിക്കാം.

ആർബിഐ ചട്ടങ്ങളും, നിർദേശങ്ങളും പാലിക്കാത്തതിനെ തുടർന്ന് സമഗ്രമായ ഓഡിറ്റിന് ശേഷമാണ് കടുത്ത നടപടി. പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെയും, പേടിഎം പേമെന്റ്‌സ് ബാങ്ക് ലിമിറ്റഡിന്റെയും(പിപിബിഎൽ) നോഡൽ അക്കൗണ്ടുകളും കേന്ദ്ര ബാങ്ക് റദ്ദാക്കി.

More Stories from this section

family-dental
witywide