പേടിഎം പേയ്മെന്റ് ബാങ്കിന്റെ ഇടപാടുകള്‍ നിര്‍ത്താനുള്ള സമയപരിധി മാര്‍ച്ച് 15 വരെയാക്കി

ന്യൂഡല്‍ഹി: പ്രധാന സേവനങ്ങള്‍ നിര്‍ത്തുന്നതിന് പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡിന് റിസര്‍വ് ബാങ്ക് നേരത്തെ നല്‍കിയ സമയപരിധി നീട്ടി. മാര്‍ച്ച് 15 വരെയാണ് പുതിയ സമയപരിധി. ക്രെഡിറ്റ് ഇടപാടുകള്‍, നിക്ഷേപങ്ങള്‍, വാലറ്റ്, ഫാസ്ടാഗുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന സേവനങ്ങള്‍ നിര്‍ത്താനാണ് നിര്‍ദേശം.

ഫെബ്രുവരി 29 ന് ശേഷം യാതൊരുവിധ നിക്ഷേപ സ്വീകരണങ്ങളും ടോപ്അപ്പുകളും ഉണ്ടാവരുതെന്ന് പേടിഎം പേയ്‌മെന്റ് ബാങ്കിനോട് ജനുവരി 31 ന് ആര്‍ബിഐ നിര്‍ദേശിച്ചിരുന്നു. എങ്കിലും എല്ലാ വിധ ക്യാഷ് ബാക്കുകളും റീഫണ്ടുകളും ഉപയോക്താക്കള്‍ക്ക് തിരികെ ലഭിക്കും.

പേടിഎംന്റെ ഉപഭോക്താക്കളുടെ ബദല്‍ ക്രമീകരണങ്ങള്‍ നടത്താന്‍ കുറച്ചുകൂടി സമയം ആവശ്യമായി വന്നേക്കാവുന്ന സാഹചര്യം കണക്കിലെടുത്ത്, ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിന്റെ സെക്ഷന്‍ 35എ പ്രകാരമാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

അതേസമയം, ഹൈവേ ടോള്‍ പിരിവിനുള്ള ഇലക്ട്രോണിക് സംവിധാനമായ ഫാസ്ടാഗ് നല്‍കാന്‍ അധികാരമുള്ള ബാങ്കുകളുടെ പട്ടികയില്‍ നിന്നും പേടിഎം പേമെന്റ് ബാങ്കിനെ ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ് ഇന്ന് ഒഴിവാക്കി. സുഗമമായ ഹൈവേ യാത്രയ്ക്ക് 32 അംഗീകൃത ബാങ്കുകളില്‍ നിന്ന് ഫാസ്ടാഗുകള്‍ വാങ്ങാനാണ് ഐഎച്ച്എംസിഎല്‍ നിര്‍ദേശം. എന്നാല്‍, പട്ടികയില്‍ പേടിഎം ഉള്‍പ്പെട്ടിട്ടില്ല.

കൂടാതെ, പേടിഎം പേയ്മെന്റ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്കും ക്രെഡിറ്റ് ഇടപാടുകള്‍ക്കും നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും രംഗത്തുവന്നു. ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ആണ് നിയന്ത്രങ്ങളെ കുറിച്ച് പറയുന്നത്.

പേടിഎമ്മിന്റെ പേമെന്റ്സ് ബാങ്ക് തുടര്‍ച്ചയായി നിയമം പാലിക്കാതെ മുന്നോട്ട് പോകുന്നുവെന്ന പരാതിയെത്തുടര്‍ന്നായിരുന്നു റിസര്‍വ്വ് ബാങ്കിന്റെ നടപടി. ഉപയോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നത് നിര്‍ത്താന്‍ ഈ മാസം ആദ്യം ബാങ്ക് പേടിഎം ബാങ്കിനോട് നിര്‍ദേശിച്ചിരുന്നു.