ശരദ് പവാര്‍ തീരുമാനമെടുത്തു ; തോമസ് കെ.തോമസ് മന്ത്രിയാകുമെന്ന് പി.സി.ചാക്കോ

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തുനിന്ന് എ.കെ.ശശീന്ദ്രന്‍ മാറുന്ന കാര്യത്തില്‍ ശരദ് പവാറിന്റെ തീരുമാനം എത്തി. കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസ് മന്ത്രിയാകുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ അറിയിച്ചു. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും പി.സി. ചാക്കോ വ്യക്തമാക്കി.

പിബി യോഗത്തിനുശേഷം 29ന് മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തും. തുടര്‍ന്ന് അടുത്ത മാസം മൂന്നിന് ശശീന്ദ്രനും തോമസിനുമൊപ്പം മുഖ്യമന്ത്രിയെ കാണുമെന്നും പി.സി.ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. മൂവരും മുഖ്യമന്ത്രിയെ കാണാനിരുന്നതാണെങ്കിലും പിണറായിയുടെ തിരക്ക് മൂലം അതിനു സാധിച്ചില്ല.

അതേസമയം, ശശീന്ദ്രന് തന്നെ മന്ത്രിസ്ഥാനത്തുനിന്നും നീക്കുന്നതിനോട് യോജിപ്പില്ല. തനിക്കൊപ്പം നില്‍ക്കുന്ന പരമാവധി നേതാക്കളെ സംഘടിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പാര്‍ട്ടിയില്‍ രണ്ടഭിപ്രായമുണ്ടെന്നു വന്നാല്‍ തീരുമാനം സിപിഎം നീട്ടുമെന്നാണ് ശശീന്ദ്രന്‍ കരുതുന്നതെന്നും സൂചനയുണ്ട്. രണ്ടാം പിണറായി സര്‍ക്കാരില്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന ശശീന്ദ്രന്‍ ഒഴിയണമെന്നാണ് തോമസ് കെ.തോമസിന്റെ ആവശ്യം. നേരത്തെ ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും പാര്‍ട്ടിയില്‍ പിന്തുണ ലഭിച്ചിരുന്നില്ല. ശശീന്ദ്രനെ അനുകൂലിച്ചിരുന്ന പി.സി.ചാക്കോ തോമസിനൊപ്പമായതോടെയാണ് കാര്യങ്ങള്‍ക്ക് വേഗം കൈവരിച്ചത്.

More Stories from this section

family-dental
witywide