രാജ്യത്തെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ കേന്ദ്രമന്ത്രിയാകുമോ- ചർച്ച സജീവം

ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും വലിയ ധനികനായ രാഷ്ട്രീയക്കാരൻ കേന്ദ്രമന്ത്രിയാകുമെന്ന് സൂചന. ഗുണ്ടൂരിൽ നിന്ന് ആദ്യമായി എംപി ആകുന്ന ടിഡിപിയുടെ പെമ്മസാനി ചന്ദ്രശേഖറിന്റെ പേരാണ് ഉയർന്നുകേൾക്കുന്നത്. ജാതി സമവാക്യങ്ങൾ കണക്കിലെടുത്ത് പട്ടിക തയ്യാറാക്കാനാണ് ടിഡിപി ശ്രമിക്കുന്നത്. അവസാന നിമിഷം വരെയും ആറ് മന്ത്രി പദവികൾക്കായി വില പേശാനാണ് ടിഡിപിയുടെ തീരുമാനം. ശ്രീകാകുളത്ത് നിന്ന് ഹാട്രിക് വിജയവുമായി എത്തുന്ന റാം മോഹൻ നായിഡു, ഗുണ്ടൂരിൽ നിന്ന് ആദ്യമായി എംപി ആകുന്ന പെമ്മസാനി ചന്ദ്രശേഖർ, ചിറ്റൂരിൽ നിന്ന് ആദ്യമായി എംപിയായ ദഗ്ഗുമല്ല പ്രസാദ് റാവു, നെല്ലൂർ എംപി വെമ്മിറെഡ്‌ഡി പ്രഭാകർ റെഡ്ഢി എന്നിവർ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

36-കാരനായ റാം മോഹൻ നായിഡു മികച്ച പാർലമെന്റെറിയൻ എന്ന നിലയിൽ പേരെടുത്തയാളാണ്. മുൻ കേന്ദ്രമന്ത്രി യെർറനായിഡുവിന്റെ മകൻ, പിന്നാക്ക വിഭാഗക്കാരൻ എന്നിവയും അ​ദ്ദേഹത്തിന് അനുകൂല ഘടകമാണ്. രാജ്യത്തെ ഏറ്റവും ധനികനായ എംപി കൂടിയായ പെമ്മസാനി ചന്ദ്രശേഖറും മന്ത്രിസഭയിലെത്തിയേക്കും. വിരമിച്ച ഐആർഎസ് ഉദ്യോഗസ്ഥനായ ദഗ്ഗുമല്ല പ്രസാദ് റാവുവും പരി​ഗണനയിലുണ്ട്. വൈഎസ്ആർസിപിയിലെ രണ്ടാമൻ വിജയ് സായ് റെഡ്ഢിയെ തോൽപിച്ച ആളാണ് വെമ്മിറെഡ്‌ഡി പ്രഭാകർ റെഡ്ഢി. അതുകൊണ്ടുതന്നെ അദ്ദേഹത്തെയും ചന്ദ്രബാബു നായിഡു പരി​ഗണിച്ചേക്കും. ‌

Pemmasani chandrashekhar to be Union minister, says report