​പെൻഷൻ മുടങ്ങി; ജീവിക്കാൻ വഴിയില്ലാതെ ഭിന്നശേഷിക്കാരൻ ജീവനൊടുക്കി

കോഴിക്കോട്: പെൻഷൻ മുടങ്ങി സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് ഭിന്നശേഷിക്കാരനായ വയോധികൻ തൂങ്ങിമരിച്ച നിലയിൽ. ചക്കിട്ടപ്പാറ പഞ്ചായത്ത് മുതുകാട് വളയത്ത് ജോസഫ് (വി.പാപ്പച്ചൻ–77) ആണ് മരിച്ചത്. അയൽവാസികളാണ് ഇന്ന് ഉച്ചയ്ക്ക് ജോസഫിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മുടങ്ങിയ പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് ഉൾപ്പെടെ ജോസഫ് പരാതി നൽകിയിരുന്നു. ഒരു വർഷം മുൻപു ഭാര്യ മരിച്ചതോടെ, കിടപ്പുരോഗിയും ഭിന്നശേഷിക്കാരിയുമായ മകളെ അനാഥാലയത്തിലാക്കിയിരുന്നു. രണ്ടുപേരും ജീവിക്കുന്നത് പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന വികലാംഗ പെൻഷൻകൊണ്ടാണെന്നും പലരോടും കടം വാങ്ങിയാണ് ജീവിക്കുന്നതെന്നും ജോസഫ് കത്തിൽ സൂചിപ്പിച്ചിരുന്നു.

തന്റെയും മകളുടെയും പെൻഷൻ 15 ദിവസത്തിനകം അനുവദിക്കണമെന്ന് മന്ത്രി, ജില്ലാ കലക്ടർ, പെരുവണ്ണാമൂഴി പൊലീസ്, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കു ജോസഫ് പരാതി നൽകിയിരുന്നു. പെൻഷൻ അനുവദിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫിസിൽ ആത്മഹത്യ ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറിക്കു നൽകിയ കത്തിൽ പറഞ്ഞിരുന്നു. തുടർന്ന് പൊലീസ് ജോസഫിന്റെ വീട്ടിലെത്തി സംസാരിച്ചു. ഒരാഴ്ച മുൻപ് പഞ്ചായത്ത് സെക്രട്ടറിക്കു വീണ്ടും പരാതി നൽകി.

More Stories from this section

family-dental
witywide