എല്ലാ ഭാഷയില്‍നിന്നുള്ളവര്‍ക്കും തമിഴ് സിനിമാരംഗത്ത് പ്രവര്‍ത്തിക്കാം, വേര്‍തിരിവും ലൈംഗികാതിക്രമവുമില്ല: സംവിധായകന്‍ സെല്‍വമണി

ചെന്നൈ: മലയാള സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ഇനിയും തുടരുകയാണ്. മറ്റ് ഭാഷയിലുള്ളവരും ഹേമാക്കമ്മറ്റി റിപ്പോര്‍ട്ട് ഏറ്റെടുത്തിരുന്നു. തെലുങ്കിലും ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി നടി സമാന്ത എത്തിയിരുന്നു.

എന്നാലിപ്പോള്‍ തമിഴ് സിനിമാരംഗത്ത് ലൈംഗികാതിക്രമവുമില്ലെന്നും സുരക്ഷിതമാണെന്നും ചൂണ്ടിക്കാട്ടുകയാണ് സംവിധായകനും തമിഴ് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ (ഫെഫ്സി) പ്രസിഡന്റുമായ സെല്‍വമണി.

എല്ലാ ഭാഷയില്‍നിന്നുള്ളവര്‍ക്കും തമിഴ് സിനിമാരംഗത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും ജാതിയുടെയും ദേശത്തിന്റെയും ഭാഷയുടെയുംപേരില്‍ വേര്‍തിരിവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, കഴിവുമാത്രമാണ് പരി പരിഗണിക്കുന്നതെന്നും ഇത്ര വിശാലമായ കാഴ്ചപ്പാടുള്ളതിനാല്‍ സ്ത്രീകള്‍ക്കുനേരേ അതിക്രമം നടക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ് സിനിമാ മേഖലയില്‍ പവര്‍ഗ്രൂപ്പുകള്‍ ഇല്ലെന്നും സെല്‍വമണി ചൂണ്ടിക്കാട്ടി.