തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിനം ഓഹരി വിപണിക്ക് എന്തുപറ്റി? അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: ജൂണ്‍ നാലിന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഓഹരി വിപണിയിലെ തകര്‍ച്ചയും നിക്ഷേപകരുടെ നഷ്ടവും സംബന്ധിച്ച ആരോപണങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തിനും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്കും (സെബി) നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി.

ഹിന്‍ഡന്‍ ബെര്‍ഗ് കേസിലെ ഹര്‍ജിക്കാരനായ അഭിഭാഷകന്‍ വിശാല്‍ തിവാരിയാണ് ഹര്‍ജി നല്‍കിയത്. ഫലപ്രഖ്യാപനദിവസത്തെ ഓഹരിവിപണി തകര്‍ച്ചയില്‍ ആരോപണവുമായി കോണ്‍ഗ്രസ് നേരത്തെ രംഗത്ത് എത്തിയിരുന്നു.

എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച വിപണിയിലുണ്ടായ ആവേശക്കൊടുങ്കാറ്റ് തൊട്ടുപിറ്റേദിവസം ഫല പ്രഖ്യാപനത്തോടെ കെട്ടടങ്ങുകയും ഓഹരി വിപണി കുതിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രവചനം പാളുകയും ചെയ്തു. വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്‌സിലെ നഷ്ടം 4389.73 പോയിന്റായിരുന്നു. അവസാന നിരക്ക് 72,079.05 പോയിന്റ്. നിഫ്റ്റി 1379.41 പോയിന്റ് നഷ്ടത്തോടെ 21,884.50 നിലവാരത്തിലാണ് അവസാനിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടു കൂടി വിപണിയില്‍ നാല് വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിട്ടത്.

അതേസമയം, തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിനത്തിലെ വീഴ്ചയ്ക്ക് ശേഷം ഇന്നലെ ഓഹരി വിപണി സര്‍വകാല ഉയരത്തിലെത്തി. സെന്‍സെക്‌സ് 1600 ലധികം പോയിന്റ് ഉയര്‍ന്ന് 76787 എന്ന റെക്കോര്‍ഡിട്ടു. നിഫ്റ്റിയും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

More Stories from this section

family-dental
witywide