ബെംഗളൂരു: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് പിഎഫ് റീജനല്‍ കമ്മിഷണര്‍. പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
സെഞ്ചുറീസ് ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ ഉടമയാണ് റോബിന്‍ ഉത്തപ്പ. ഈ കമ്പനിയിലെ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് പിഎഫ് പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി വിഹിതം ഈടാക്കുന്നുണ്ടെങ്കിലും, അത് പിഎഫ് പദ്ധതിയില്‍ നിക്ഷേപിക്കാതെ തട്ടിപ്പു നടത്തിയെന്നാണ് ഉത്തപ്പ നേരിടുന്ന ആരോപണം. 23 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഉത്തപ്പയ്‌ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്.
പിഎഫ് റീജനല്‍ കമ്മിഷണര്‍ എസ്. ഗോപാല്‍ റെഡ്ഡിയാണ് 39കാരനായ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം പുലകേശിനഗര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.