
നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതിയിലെ മുന്‍ ഗവ. പ്‌ളീഡര്‍ അഡ്വ. പി.ജി മനു പൊലീസില്‍ കീഴടങ്ങി. എറണാകുളം പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സുപ്രീംകോടതി പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകാന്‍ ഉത്തരവിട്ടിരുന്നു. നേരത്തെ ഹൈക്കോടതി പൊലീസില്‍ കീഴടങ്ങാന്‍ പറഞ്ഞെങ്കിലും ഇയാള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ഹൈക്കോടതിയും സുപ്രീംകോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് ഇപ്പോള്‍ കീഴടങ്ങല്‍. കഴിഞ്ഞ ഒക്ടോബറില്‍ നിയമസഹായം തേടിയെത്തിയ തന്നെ മനു പലതവണ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ യുവതിയുടെ മൊഴി. അതേസമയം തൊഴില്‍മേഖലയിലെ ശത്രുക്കള്‍ തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നുമായിരുന്നു മനുവിന്റെ വാദം. തന്നെ അറസ്റ്റ് ചെയ്തു ജയിലിലേക്ക് അയച്ചാല്‍ താന്‍ പ്രോസിക്യൂട്ടറായിരുന്ന കേസിലെ പ്രതികള്‍ ജയിലില്‍ തന്നെ ഉപദ്രവിക്കാനിടയുണ്ടെന്നും മനു കോടതിയില്‍ വാദിച്ചു എന്നാല്‍ സര്‍ക്കാരും പരാതിക്കാരിയും ഈ വാദങ്ങള്‍ എതിര്‍ക്കുകയായിരുന്നു.
2018ല്‍ നടന്ന പീഡന കേസില്‍ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി ജി മനുവിനെ സമീപിക്കുന്നത്. നിയമസഹായം നല്‍കാനെന്ന പേരില്‍ യുവതിയെ മനുവിന്റെ കടവന്ത്രയിലെ ഓഫീസില്‍ വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചുവെന്നാണ് പരാതി. 5 വര്‍ഷമായ കേസ് ആയതിനാല്‍ പെണ്‍കുട്ടി പ്രതിസ്ഥാനത്ത് ആകുമെന്ന ഭയപ്പെടുത്തിയായിരുന്നു ലൈംഗിക അതിക്രമം.