ജോർജ് തുമ്പയിൽ
രണ്ട് വർഷത്തിന് അപ്പുറം നടക്കുന്ന ഫൊക്കാന തിരഞ്ഞെടുപ്പിൽ ഫൊക്കാന പ്രസിഡൻ്റ് സ്ഥാനത്തേക്ക് മൽസരിക്കുന്ന ഫിലിപ്പോസ് ഫിലിപ്പിന് ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ ഏകകണ്ഠമായി പിന്തുണ പ്രഖ്യാപിച്ചു.
നവംബർ 11-ന് എച്ച്.വി.എം.എ പ്രസിഡൻ്റ് സജി എം. പോത്തന്റെ അധ്യക്ഷതയിൽ നടന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ സെക്രട്ടറി – തോമസ് നൈനാൻ, ട്രഷറർ – വിശ്വനാഥൻ, പോൾ കറുകപ്പള്ളിൽ, ഫിലിപ്പോസ് ഫിലിപ്പ്, ജിജി ടോം, അജി കളീക്കൽ എന്നീ എല്ലാ ബോർഡ് അംഗങ്ങളും പങ്കെടുത്തു.
ഏതു കാര്യവും ആത്മാർത്ഥതയോടെ ചെയ്ത് വിജയത്തിലെത്തിക്കുമെന്ന് തൻ്റെ പ്രവൃത്തികളിലൂടെ കഴിവുതെളിയിച്ച ഫിലിപ്പോസ് ഫിലിപ് രണ്ടാം തവണയും ലോകകേരളസഭാ മെംബറാണ്. ഓരോ വ്യക്തിക്കും ഓരോ കർത്തവ്യങ്ങളുണ്ട്. 1989 മുതല്‍, റോക് ലൻഡ് കൗണ്ടിയിലെ ഏറ്റവും പഴക്കമുള്ള ഹഡ്സന്‍വാലി മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനാണ്. ഇവിടെയുള്ള മലയാളിസമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഇന്ത്യൻ സംസ്കാരത്തെയും പൈതൃകത്തെയും സംരക്ഷിക്കുന്നതിനുമായി പ്രവർത്തിക്കുന്ന സംഘടനയുടെ പ്രസിഡന്റ്, ബോർഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍, ചീഫ് എഡിറ്റര്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദവും (ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം), ന്യൂയോര്‍ക്ക് പോളിടെക്നിക് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ലീഗൽ കോർഡിനേറ്റർ എന്ന നിലയിലുള്ള ഫിലിപ്പോസ് ഫിലിപ്പിന്റെ ശ്രമങ്ങൾ 2018 മുതലുള്ള 7 വ്യവഹാരങ്ങളിലും ഫൊക്കാനയെ വലിയ തോതിൽ സഹായിച്ചിട്ടുണ്ട്. ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ, ജനറൽ സെക്രട്ടറി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ്, ഫൊക്കാന കൺവെൻഷൻ ചെയർമാൻ, ഇലക്ഷൻ കമ്മിറ്റി ചെയർമാൻ, സുവനീർ എഡിറ്റർ, നാഷണൽ കമ്മിറ്റി അംഗം
തുടങ്ങി വിവിധ പദവികളിൽ ഫൊക്കാനയിൽ സേവനം അനുഷ്ഠിച്ചു.
കഴിഞ്ഞ 8 വർഷമായി റോക്ക് ലൻഡ് കൗണ്ടിയിലെ റിപ്പബ്ലിക്കൻ പാർട്ടി കമ്മിറ്റി അംഗമായ ഇദ്ദേഹം ക്ളാർക്സ്ടൗൺ ടൗണിന്റെ ട്രാഫിക് അഡ്വൈസറി ബോർഡ് അംഗമായും പ്രവർത്തിക്കുന്നു . കേരള എഞ്ചിനീയറിങ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (KEAN) യുടെ സ്ഥാപകരില്‍ ഒരാളെന്ന നിലയിൽ ശ്രദ്ധേയനായ ഇദ്ദേഹം കീൻ സ്ഥാപക ജനറൽ സെക്രട്ടറി, പ്രസിഡന്റ്, ബോര്‍ഡ് ചെയര്‍, പബ്ലിക് റിലേഷൻസ് ഓഫിസർ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന
‘കീൻ’ എൻജിനീയറിങ് വിദ്യാർത്ഥികളെ മികച്ച രീതിയിൽ രൂപപ്പെടുത്തുന്നതിന് സഹായിക്കുന്നതിനൊപ്പം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ സ്കോളർഷിപ്പുകൾ നൽകിയും സഹായിക്കുന്നു .
ഫിലിപ്പോസ് ഫിലിപ്പ് അടക്കം ഏതാനും എൻജിനീയർമാരുടെ നേതൃത്വത്തിൽ 2009ൽ സംഘടന രൂപീകൃതമായ കീൻ ഇന്ന് അംഗത്വത്തിലും പങ്കാളിത്തത്തിലും മികച്ച മുന്നേറ്റം കാഴ്ചവെക്കുന്നു.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗമായി (2002-2012) കാലയളവിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. (2012-2017) മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. റോക്ക്‌ലൻഡ് കൗണ്ടിയിലെ ജോയിൻ്റ് കൗൺസിൽ ഓഫ് ചർച്ചസിന്റെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു, സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
കുടുംബം: ഭാര്യ: ലിസി ഫിലിപ്പ് (എൻജിനീയർ), മക്കൾ: സിജു (എൻജിനീയർ), ലിജു (ഡോക്ടർ).
Philipose Philip to contest for FOKANA Election as president candidate