
ന്യൂയോര്‍ക്ക്: സര്‍ഫ് ബോര്‍ഡില്‍ ചുള്ളനായി സര്‍ഫ് ചെയ്യുന്ന സക്കര്‍ബര്‍ഗിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ കോളിളക്കം സൃഷ്ടിച്ചു. പതിവുതെറ്റിച്ച വേഷവും കയ്യില്‍ അമേരിക്കന്‍ പതാകയും ബിയര്‍ കുപ്പിയുമൊക്കെയായി ആഘോഷമൂഡില്‍ നില്‍ക്കുന്ന ചിത്രം അമേരിക്കന്‍ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണ് പുറത്തെത്തിയത്.
‘ഹാപ്പി ബര്‍ത്ത്ഡേ അമേരിക്ക’ എന്ന് ആശംസിച്ചുകൊണ്ടാണ് ഫേസ്ബുക്ക് സ്ഥാപകനും മെറ്റ പ്ലാറ്റ്‌ഫോം മേധാവിയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ വ്യത്യസ്ത ചിത്രങ്ങള്‍ വെളിച്ചം കാണിച്ചത്. സര്‍ഫ് ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ എത്തിയതോടെ സക്കര്‍ബര്‍ഗ് തന്റെ പതിവ് വേഷമായ ടീഷര്‍ട്ട് മാറ്റി ടക്സ് ധരിച്ചത് ചര്‍ച്ചയായിരുന്നു. ഇക്കുറി അദ്ദേഹം മെറ്റാ റേ-ബാന്‍ ഗ്ലാസുകളാണ് ധരിച്ചിരിക്കുന്നതെന്നും ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്.
അതിലേറെ രസകരം വീഡിയോയുടെ ആധികാരികത ചോദ്യം ചെയ്ത് ഉയര്‍ന്ന ഒരു ചോദ്യമായിരുന്നു. എ.ഐ ഉപയോഗിച്ച് സൃഷ്ടിച്ചെടുത്ത വീഡിയോയാണോ ഇതെന്നായിരുന്നു ആ ചോദ്യം. വെള്ളത്തിലൂടെ സര്‍ഫ് ചെയ്യുമ്പോള്‍ വസ്ത്രങ്ങള്‍ വേണ്ടത്ര നനയാതിരിക്കുന്നത് എന്തുകൊണ്ടാണെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.
ജൂലൈ നാലിനാണ് അമേരിക്കയില്‍ 248ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്ന് അമേരിക്ക സ്വാതന്ത്ര്യം നേടിയതിന്റെ ഓര്‍മ്മയ്ക്കായാണ് വര്‍ഷം തോറും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും ഫേസ്ബുക്ക് മേധാവി ഈ ദിനത്തില്‍ ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു.
.