”പിണറായി രാജിവെക്കണം, മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ പാര്‍ട്ടിയിലുണ്ടല്ലോ, സ്വര്‍ണക്കടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം”

തിരുവനന്തപുരം: മലപ്പുറത്തെക്കുറിച്ച് ‘ദ് ഹിന്ദു’ ദിനപത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ എത്തിയ വിശദീകരണത്തിനെതിരെ പി.വി അന്‍വര്‍ എംഎല്‍എ. ‘ദ് ഹിന്ദു’വിന് കത്തെഴുത്തിയത് നാടകമാണെന്നും മുഖ്യമന്ത്രി പറഞ്ഞത് തെറ്റായിരുന്നെങ്കില്‍ വാര്‍ത്ത വരുമ്പോള്‍ കത്തയയ്ക്കണമായിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു. വലിയ വിവാദമായ ശേഷമാണ് ഹിന്ദുവിന് കത്തയച്ചത്. കാര്യങ്ങള്‍ കൈവിട്ടപ്പോഴാണ് സംഭവത്തില്‍ വ്യക്തത വരുത്തിയത്. ഇന്നലെ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി മലപ്പുറത്തെ കരിപ്പൂരെന്ന് തിരുത്തിയതില്‍ സന്തോഷമുണ്ടെന്നും അന്‍വര്‍. മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ദേശദ്രോഹികളുടെ താവളമാണെന്ന് ഇന്ത്യയെ മുഴുവന്‍ അറിയിക്കാനാണ് ഹിന്ദുവിന് അഭിമുഖം നല്‍കിയതെന്നും അന്‍വര്‍ ആരോപിച്ചു.

സ്വര്‍ണക്കടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോ? എന്ന് ചോദിച്ച അന്‍വര്‍ അന്വേഷണത്തില്‍ എന്നെയും ഉള്‍പ്പെടുത്തട്ടെയെന്നും വ്യക്തമാക്കി. സുജിത്ത് ദാസും ശശിയുമാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്ന് പറഞ്ഞ അന്‍വര്‍ അന്വേഷണത്തിന് വെല്ലുവിളിക്കുകയും ചെയ്തു.

മുഖ്യമന്ത്രി അഭിമുഖം നല്‍കുമ്പോള്‍ റെക്കോര്‍ഡ് ചെയ്തിരിക്കുമല്ലോ. അത് ഹിന്ദു പുറത്തുവിടട്ടെ. മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നതാണ് നല്ലത്. മാന്യമായി ഒഴിഞ്ഞു നില്‍ക്കാനുള്ള സാഹചര്യമാണ്. വസ്തുതകള്‍ പുറത്തുവരുന്നതു വരെ മാറിനില്‍ക്കാമെന്ന് അദ്ദേഹത്തിന് കേരളത്തിലെ ജനങ്ങളോട് പറയാമല്ലോ. ഒന്നല്ല നൂറു റിയാസ് പറഞ്ഞാലും കേരളത്തിലെ ജനങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കി കഴിഞ്ഞു.

”മുഖ്യമന്ത്രിയെ സ്‌നേഹിക്കുന്നവര്‍ അദ്ദേഹം ഒഴിയണമെന്ന് ഉപദേശിക്കണം. ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ട്. മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ പാര്‍ട്ടിയിലുണ്ടല്ലോ. പാര്‍ട്ടിയില്‍ മറ്റാരും ഇല്ലെങ്കില്‍ റിയാസിനെ മുഖ്യമന്ത്രിയാക്കട്ടെയെന്നും അന്‍വര്‍ പറഞ്ഞു. സര്‍ക്കാര്‍ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിനു പോലും തയാറാകുന്നില്ലെന്നും എന്ത് സത്യസന്ധതയും നീതിയുമാണുള്ളതെന്ന് ജനം തീരുമാനിക്കട്ടെയെന്നും അന്‍വര്‍ ആരോപണം ഉയര്‍ത്തി.

ഞായറാഴ്ച വൈകിട്ട് മഞ്ചേരിയില്‍ ജില്ലാതല വിശദീകരണ യോഗം നടത്തുമെന്നും ഒരു ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്. ഈ ഒരു ലക്ഷം പേര്‍ വര്‍ഗീയവാദികളാണോ? എന്നും അന്‍വര്‍ ചോദിച്ചു.

More Stories from this section

family-dental
witywide