തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിവരിക്കുന്ന പരസ്യം മറ്റ് സംസ്ഥാനങ്ങളിൽ പ്രദർശിപ്പിക്കാൻ 18 ലക്ഷം അനുവദിച്ചു. 5 സംസ്ഥാനങ്ങളിലെ തിയറുകളിലാണ് പിണറായി സർക്കാരിൻ്റെ പരസ്യം പ്രദർശിപ്പിക്കുക. 100 തീയറ്ററുകളിലാണ് പരസ്യം പ്രദർശിപ്പിക്കുന്നത്. ഇതിനായി 18,19, 843 രൂപ അനുവദിച്ച് ഉത്തരവിറക്കി. 90 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യമാണ് പ്രദർശിപ്പിക്കുക.
ഡൽഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് പരസ്യം പ്രദർശിപ്പിക്കുന്നത്. സർക്കാരിന്റെ ഭരണനേട്ടം, വികസന പപുരോഗതി എന്നിവ മറ്റ് സംസ്ഥാനങ്ങളിൽ പ്രദർശിപ്പിക്കുന്ന പരസ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാരിന്റെ വികസന നേട്ടങ്ങൾ പറഞ്ഞുകൊണ്ടുള്ള പരസ്യം നിലവിൽ സംസ്ഥാനത്തെ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് പ്രതിപക്ഷം വലിയ രീതിയിൽ വിമർശനം ഉയർത്തുന്നതിനിടെയാണ് സർക്കാർ ഭരണനേട്ടം വിശദീകരിക്കുന്ന പരസ്യം മറ്റ് സംസ്ഥാനങ്ങളിൽ പ്രദർശിപ്പിക്കുന്നതിന് തുക അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.