തൃശൂര്‍: ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയും എഡിജിപി എം ആര്‍ അജിത് കുമാറും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ക്കുപിന്നാലെ പ്രതികരണവുമായി കെ. മുരളീധരന്‍.
ആര്‍എസ്എസിന്റെ ഉന്നതനെ ഐപിഎസ് ഉദ്യോഗസ്ഥന്‍ കാണാന്‍ പോകുമ്പോള്‍ ബോസായ മുഖ്യമന്ത്രിയെയോ ഡിജിപിയെയോ അറിയിക്കേണ്ടതാണ്. പ്രതിപക്ഷ നേതാവിന്റെ വാദം ശരിയാണ്. മുഖ്യമന്ത്രിയുടെ സന്ദേശമാണ് എഡിജിപി ആര്‍എസ്എസിനെ അറിയിച്ചത്. പൂരം കലക്കി ജനവികാരം ബിജെപിക്ക് അനുകൂലമാക്കിയെന്നും അതിന്റെ ഫലമായി സുരേഷ് ഗോപിയെ വിജയിപ്പിച്ചുവെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. അത്തരത്തില്‍ കേരളത്തില്‍ നിന്നും ലോക്സഭയിലേക്ക് ബിജെപി വിജയിച്ചതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി രാജിവെക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.
എഡിജിപി എം ആര്‍ അജിത്ത് കുമാറിന്റെ ആര്‍ എസ് എസ് കൂടിക്കാഴ്ചക്ക് പൂരം കലക്കിയതുമായി ബന്ധമുണ്ടെന്നും ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട തറവാടക 35 ലക്ഷത്തില്‍ നിന്ന് 2 കോടി രൂപയാക്കി മാറ്റിയതെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. അന്ന് ടി എന്‍ പ്രതാപന്‍ എം പി ഉപവാസം നടത്തിയപ്പോള്‍ താനാണ് അത് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി ഇടപെട്ട് പിന്നീട് തറവാടക 45 ലക്ഷമാക്കി കുറച്ചു. തൃശ്ശൂര്‍ പൂരം കലക്കാന്‍ വളരെ മുന്‍പ് തന്നെ ഗൂഢാലോചന നടന്നതായി വ്യക്തമായിട്ടുണ്ട്. ആര്‍ എസ് എസ് നേതാവിനെ കാണാന്‍ എം ആര്‍ അജിത്ത് കുമാറിനെ പറഞ്ഞുവിട്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളം കൈവിട്ടാലും മോദി ഉണ്ടെന്നുള്ള വിശ്വാസമാണ് അജിത്ത് കുമാറിനെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു.