കണ്ണൂർ: എ.ഡി.ജി.പി എം.ആർ. അജിത്കുമാറും ആർ.എസ്.എസ് നേതാക്കളും കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എമ്മിന് ആർ.എസ്.എസിനെ പ്രീണിപ്പിക്കേണ്ട ആവശ്യമില്ലെന്ന് ആരോപണങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിനാണ് ആർ.എസ്.എസ് ബന്ധമുള്ളത്. കോൺഗ്രസിന് കട്ടപിടിച്ച ആർ.എസ്.എസ് മനസ്സാണ്. സി.പി.എമ്മിന്‍റെ കോവളം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ വാക്കുകൾ
സി.പി.എം എന്നും ആർ.എസ്.എസിനെ എതിർക്കുകയാണ് ചെയ്തത്. രാമപ്രതിഷ്ഠ പൂജക്കിടെ ശ്രീരാമനെ വാഴ്ത്തിയത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ്. അയോധ്യയിലെ ഭൂമി പൂജ ദേശീയ ഐക്യത്തിനാണ് എന്ന് പറഞ്ഞത് പ്രിയങ്ക ഗാന്ധിയാണ്. ഭൂമി പൂജയുടെ അന്ന് മധ്യപ്രദേശിൽ ഹനുമാൻ പൂജ സംഘടിപ്പിച്ചു. അന്ന് കോൺഗ്രസ് നേതാവ് കമൽ നാഥാണ് സംസ്ഥാനം ഭരിക്കുന്നത്. നിലവിൽ മൂന്നു സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് ഭരണമുള്ളത്. അടുത്തിടെ രാജസ്ഥാനിൽനിന്ന് ബി.ജെ.പി അംഗം രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കെ.സി. വേണുഗോപാൽ രാജിവെച്ചതോടെ ഒഴിവു വന്ന സീറ്റിലാണ് ബി.ജെ.പി അംഗം തെരഞ്ഞെടുക്കപ്പെട്ടത്.
പ്രതിപക്ഷമായ കോൺഗ്രസ് ഒരു സ്ഥാനാർഥിയെ പോലും നിർത്തിയില്ല. രാജ്യസഭയിൽ ബി.ജെ.പി ഒരു അംഗത്തെ നൽകാനാണ് ഈ രാജിയെന്ന് തങ്ങൾ അന്നേ പറഞ്ഞതാണ്. രാജ്യത്തിന്‍റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണം. അതിനുള്ള പ്രവർത്തനമാണ് സി.പി.എമ്മും എൽ.ഡി.എഫ് സർക്കാറും നടത്തുന്നത്. ഒരു വർഗീയ ശക്തികളോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സി.പി.എമ്മിന്. അക്കാര്യം എല്ലാവർക്കും അറിയാം. സി.പി.എമ്മിന് ആർ.എസ്.എസ് ബന്ധമെന്ന ആരോപണം അവജ്ഞയോടെ തള്ളിക്കളയുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, എ.ഡി.ജി.പിയുടെ ആർ.എസ്.എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രതികരിക്കാൻ തയാറായില്ല.