ജേക്കബ് തോമസ്
ലോക്സഭാ തെരഞ്ഞെടുപ്പിലെ ജനവിധിക്ക് തൊട്ടുപിന്നാലെ ഇന്ത്യാ സഖ്യത്തിന്റെ ഒരു യോഗം ദില്ലിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുണ ഖാർഗെയുടെ വസതിയില്‍ ചേര്‍ന്നിരുന്നു. യോഗത്തിന് ശേഷം എല്ലാ നേതാക്കളും മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് ഇറങ്ങി വന്നു. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എസ്.പി നേതാവ് അഖിലേഷ് യാദവും ശരത് പവാറും തേജസ്വി യാദവും സീതാറാം യെച്ചൂരിയും ഡി.രാജയുമൊക്കെ. രാഹുല്‍ ഗാന്ധി നേതാക്കളുമായി എന്തൊക്കയോ സംസാരിക്കുന്നു. പിന്നീട് തേജസ്വി യാദവും രാഹുല്‍ ഗാന്ധിയും കെ.സി.വേണുഗോപാലും യോഗം നടന്ന ഹാളിലേക്ക് തന്നെ തിരിച്ചുകയറി. അല്പസമയത്തിനകം കെ.സി.വേണുഗോപാല്‍ പുറത്തേറക്ക് ഇറങ്ങി വന്നു. സീതാറാം യെച്ചൂരിയെ രാഹുല്‍ ഗാന്ധി വിളിക്കുന്നു എന്ന് അറിയിച്ചു. യെച്ചൂരി രാഹുലിനെ കാണാന്‍ അകത്തേക്ക് പോകുന്നു. അല്പസമയത്തിനകം ഇന്ത്യാ സഖ്യത്തിന്റെ യോഗ തീരുമാനങ്ങള്‍ വിവരിച്ചുകൊണ്ടുള്ള പത്രകുറിപ്പ് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുണ ഖാര്‍ഗെ വായിക്കുമ്പോള്‍ അതില്‍ ഉപയോഗിച്ചിരിക്കുന്നത് സീതാറാം യെച്ചൂരിയുടെ വാക്കുകളാണെന്ന് വ്യക്തമായിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് സര്‍ക്കാരിനെതിരായ പോരാട്ടം തുടരും അതായിരുന്നു പത്രകുറിപ്പിലെ പ്രധാന വരി. സീതാറാം യെച്ചൂരിയെ വേറിട്ട് നിര്‍ത്തുന്നത് സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ കൊണ്ടുതന്നെയാണ്. പക്ഷെ, കേരളം അതിന് വിരുദ്ധമായി സഞ്ചരിക്കാന്‍ തുടങ്ങിയിരിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിനെ രണ്ടാമതും കേരളത്തിലെ ജനങ്ങള്‍ തെരഞ്ഞെടുത്തത് കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ ജനങ്ങളുടെ മനസ്സില്‍ സൃഷ്ടിച്ച ആശങ്കകള്‍ കൊണ്ടായിരുന്നു. കൊവിഡിനെ നേരിടാന്‍ പുതിയൊരു സര്‍ക്കാര്‍ വന്നാല്‍ സാധിക്കുമോ എന്ന ആശങ്ക പിണറായിയെ തന്നെ വീണ്ടും തെരഞ്ഞെടുക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കി. കെ.കെ.ശൈലജ എന്ന ആരോഗ്യ മന്ത്രിയുടെ പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ വോട്ടിന് കാരണമായിരുന്നു. പക്ഷെ, രണ്ടാംമന്ത്രിസഭയില്‍ കെ.കെ.ശൈലജ മന്ത്രിയായില്ല. പിണറായി വിജയന്‍ എന്ന നേതാവിന്റെ ഏകാധിപത്യ സമീപനം കേരളത്തിലെ പാര്‍ടിയില്‍ അടിമുടി പടര്‍ന്നിരിക്കുകയാണ്.
ഒരു രാഷ്ട്രീയ നേതാവിന് ഏറ്റവും പ്രധാനപ്പെട്ടത് വിശ്വാസ്യതയാണ്. ആ വിശ്വസ്യത പിണറായി വിജയനോട് ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്കില്ല. പ്രധാന കാരണം അദ്ദേഹത്തിന്റെ മകള്‍ വീണ വിജയനെതിരെ ഉയര്‍ന്നിരിക്കുന്ന അഴിമതി ആരോപണം തന്നെയാണ്. വീണ വിജയന്‍ കരിമണല്‍ കമ്പനിയില്‍ നിന്ന് വാങ്ങിയ കോടികള്‍ ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. മുഖ്യമന്ത്രിയുടെ മകള്‍ എന്നതുതന്നെയാണ് അത്രയും പണം കരിമണല്‍ കമ്പനി വീണ വിജയന്റെ എക്സാലോജിക്കിന് നല്‍കാന്‍ കാരണം. അതിലൂടെ കരിമണല്‍ കമ്പനി എന്തൊക്കെ നേടിയിട്ടുണ്ടോ അതൊക്കെ അഴിമതിയാണ്. എല്ലാ കാര്യങ്ങളും വേഗത്തില്‍ തിരിച്ചറിയാനും മനസ്സിലാക്കാനും ഉള്ള സാധ്യതകള്‍ ഇന്ന് ജനങ്ങള്‍ക്ക് മുന്നിലുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ മകള്‍ ചെയ്തത് ശരിയാണോ, തെറ്റാണോ എന്നൊന്നും ആലോചിക്കാതെ അവരെ ന്യായീകരിക്കുകയാണ് കേരളത്തിലെ സിപിഎം ചെയ്യുന്നത്. പിണറായി വിജയന്‍ എന്ന നേതാവിനോടുള്ള ബഹുമാനത്തേക്കാള്‍ ഭയമാണ് ഇതിന് പിന്നിലെന്നതാണ് പ്രധാന വസ്തുത.
ഇ.പി.ജയരാജനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ പി.ജയരാജന്‍ ഒരു അഴിമതി ആരോപണം ഉന്നയിച്ചു. ഗോവിന്ദന്‍ മാസ്റ്റര്‍ സെക്രട്ടറിയായി എത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു അത്. അത് അന്വേഷിക്കാം എന്നൊക്കെ പറഞ്ഞെങ്കിലും അതൊക്കെ അവിടെ അവസാനിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎമ്മിന് കിട്ടിയത് ഒരു സീറ്റ് മാത്രമാണ്. ദേശീയതലത്തില്‍ തമിഴ്നാട്ടില്‍ നിന്ന് രണ്ട് സീറ്റും രാജസ്ഥാനില്‍ നിന്ന് കട്ടിയ ഒരു സീറ്റും ഉള്‍പ്പടെ നാല് സീറ്റുകള്‍. കേരളത്തില്‍ പിണറായി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം തന്നെയാണ് ഇത്രയും വലിയ പരാജയത്തിലേക്ക് സിപിഎമ്മിനെ തള്ളിവിട്ടത്. സിപിഎമ്മിന്റെ വോട്ട് 25 ശതമാനമായി കുറഞ്ഞു. സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകളില്‍ ഇത്തവണ വിള്ളലുണ്ടായി. വോട്ടില്‍ വലിയൊരു ഭാഗം ബിജെപിയിലേക്ക് പോയി.
കേരളം പോലൊരു സംസ്ഥാനത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത്. തെരഞ്ഞെടുപ്പില്‍ സിപിഎം ബിജെപിയുമായി ധാരണയുണ്ടാക്കി എന്നൊക്കെയാണ് ആരോപണങ്ങള്‍ ഉയരുന്നത്. പേരിന് അതൊക്കെ തള്ളിക്കളയാമെങ്കിലും ഇ.പി.ജയരാജന്‍ എന്തിന് പ്രകാശ് ജാവതേക്കറുമായി കൂടിക്കാഴ്ച നടത്തി എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. ഇനി അങ്ങനെ കൂടിക്കാഴ്ച നടത്തിയെങ്കില്‍ തന്നെ വോട്ടെടുപ്പ് ദിവസം രാവിലെ അത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത് എന്തിനായിരുന്നു എന്നത് മറ്റൊരു വലിയ സംശയമാണ്. ആ ഇ.പി.ജയരാജനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. എന്തിന്?
യഥാര്‍ത്ഥത്തില്‍ സംശയങ്ങളും ദുരൂഹതകളും മുഖ്യമന്ത്രി പിണറായി വിജയനുമേല്‍ ശക്തമായി തന്നെ ഉയരുന്നുണ്ട്. കേരളത്തില്‍ സിപിഎമ്മിന് ഉള്ളില്‍ പോലും പിണറായി വിജയന് വിശ്വാസ്യത നഷ്ടമാവുകയാണ്. വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പും അത് കഴിഞ്ഞ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും കേരളത്തിലെ സിപിഎമ്മിനെ സംബന്ധിച്ച് നിര്‍ണായകമാണ്. പശ്ചിമബംഗാളിലും തൃപുരയിലും സിപിഎമ്മിന് അടുത്ത കാലത്തെന്നല്ല, സമീപ ഭാവിയില്‍ പോലും തിരിച്ചുവരിക എളുപ്പമല്ല. കേരളത്തില്‍ മാത്രമാണ് ഒരു സംസ്ഥാനം ഭരിക്കാന്‍ കഴിയുന്ന ശക്തിയായി സിപിഎം നിലനില്‍ക്കുന്നത്. അതാണ് ദേശീയതലത്തില്‍ സിപിഎമ്മിനെ നിലനിര്‍ത്തുന്നതും.
ദേശീയ തലത്തില്‍ സിപിഎമ്മിനെ പോലൊരു പാര്‍ടി ഉണ്ടാകേണ്ടത് ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന് ഏറ്റവും അത്യാവശ്യമാണ്. സിപിഎം ദുര്‍ബലപ്പെട്ടാല്‍ സാധാരണക്കാരുടെ ശബ്ദം ശക്തമായി ഉന്നയിക്കാന്‍ ആരും ഇല്ലാതായി മാറും. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തൊഴിലുറപ്പ് പോലുള്ള പദ്ധതികള്‍ വന്നത് സിപിഎം സമ്മര്‍ദ്ദത്തിന്റെ ഭാഗമായിരുന്നു. അതിനാല്‍ സിപിഎം എന്ന പാര്‍ടി ജനങ്ങള്‍ക്ക് വേണ്ടി ഈ നാടിന് ആവശ്യമാണ്. പക്ഷെ, പിണറായിയെ പോലൊരു നേതാവ് ഇനിയും കേരളത്തില്‍ തുടര്‍ന്നാല്‍ ഒരുപക്ഷെ, ഭാവിയില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായി സിപിഎമ്മിന് കേരളത്തിൽ ചുരുങ്ങേണ്ടിവരും. ആ അവസ്ഥയിലേക്ക് സിപിഎമ്മിനെയും ഇടതുപക്ഷത്തെയും കൊണ്ടെത്തിക്കരുത്. ദേശീയ തലത്തില്‍ നരേന്ദ്ര മോദിയെ എന്ന പോലെ കേരളത്തില്‍ ജനങ്ങള്‍ തള്ളിയ നേതാവാണ് ഇപ്പോള്‍ പിണറായി വിജയന്‍. രാഷ്ട്രീയ മര്യാദയുടെ പേരില്‍ ഇരു നേതാക്കളും മാറി നില്‍ക്കേണ്ടതാണ്. നരേന്ദ്ര മോദി അതിന് തയ്യാറാകെ വീണ്ടും പ്രധാനമന്ത്രിയായ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ തന്നെ പിണറായി വിജയന്‍ തീരുമാനിക്കുന്നത് മഹാ മണ്ടരത്തരമാകും. സിപിഎമ്മിന്റെ ഭാവിക്കായി പിണറായി വിജയന്‍ മാറി നില്‍ക്കുന്നതാണ് നല്ലത്. അതല്ലെങ്കില്‍ പിണറായിയെ മാറ്റാന്‍ സിപിഎം പോളിറ്റ് ബ്യൂറോ അടിയന്തിരമായി തീരുമാനം എടുക്കണം. പിണറായി മാറണമെന്ന് സിപിഐ ആവശ്യപ്പെട്ടുകഴിഞ്ഞു. പാര്‍ടിയെ ഇല്ലാത്ത നയത്തിലേക്ക് സിപിഎം നേതൃത്വം കടക്കില്ലെന്ന് പ്രതീക്ഷിക്കാം.
Pinarayi Vijayan Continuing as Chief minister is not good for CPM