തിരുവനന്തപുരം: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ സോഷ്യൽമീഡിയയിൽ കുറിപ്പുകളെഴുതി.
പിണറായി വിജയൻ
ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിങ്ങെന്ന് പിണറായി കുറിച്ചു. തന്റെ രാഷ്ട്രീയജീവിതത്തിൽ ഭരണഘടനയോടുള്ള കൂറ് അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചു. സാമ്പത്തികശാസ്ത്രജ്ഞൻ എന്ന നിലയിൽ പരക്കെ ആദരിക്കപ്പെട്ട ഡോ. മൻമോഹൻ സിംഗ് കേന്ദ്ര ധനമന്ത്രിയാകുന്നതിനു മുൻപ് റിസർവ് ബാങ്ക് ഗവർണറുടെ ഉത്തരവാദിത്തവും നിർവഹിക്കുകയുണ്ടായി. നരസിംഹറാവു ഗവണ്മന്റിൽ ധനമന്ത്രിയായിരുന്ന മന്മോഹൻ സിംഗിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ നവഉദാരവൽക്കരണ നയങ്ങൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അടിമുടി ഉടച്ചു വാർത്തു. ആ പരിഷ്കാരങ്ങളുടെ ദോഷഫലങ്ങൾ മുൻകൂട്ടിക്കണ്ട ഇടതുപക്ഷം ഉയർത്തിയ എതിർപ്പുകളോട് ജനാധിപത്യമര്യാദ കൈവിടാതെ പ്രതികരിക്കാനുള്ള രാഷ്ട്രീയ ഔന്നത്യം മന്മോഹൻ സിംഗിനുണ്ടായിരുന്നു. അൽപ്പകാലം വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്ത അദ്ദേഹം രാജ്യത്തിന്റെ അന്തർദ്ദേശീയ ബന്ധങ്ങൾ ദൃഢമാക്കാൻ പ്രയത്നിച്ചു. ഡോ. മൻമോഹൻ സിംഗിന്റെ അഭാവം ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചു.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ
ഇന്ത്യന്‍ രാഷ്ട്രീയം കണ്ട വ്യത്യസ്തനായ നേതാവ്. രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാള്‍. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ സൂത്രധാരന്‍. രാജ്യത്തിന്റെ സാമ്പത്തിക രംഗം മാറ്റിയെഴുതിയ ധനമന്ത്രി. നെഹ്റുവിന് ശേഷം തുടര്‍ച്ചയായി പ്രധാനമന്ത്രിയാകുന്ന കോണ്‍ഗ്രസുകാരന്‍. ബാങ്കിങ് മേഖലയിലെ പരിഷ്‌കാരങ്ങള്‍, കാര്‍ഷിക വായ്പ എഴുതിത്തളളല്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറല്‍ ഹെല്‍ത്ത് മിഷന്‍, വിവരാവകാശ നിയമം, വനാവകാശ നിയമം, റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ നിയമം തുടങ്ങി മനുഷ്യപക്ഷത്ത് നിന്നുള്ള എത്രയെത്ര വിപ്ലവകരമായ തീരുമാനങ്ങള്‍.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാള്‍. രാജ്യത്തിന് വേണ്ടി സമര്‍പ്പിതമായി സേവനം ചെയ്ത ഒരാളെന്ന നിലയില്‍ മന്‍മോഹന്‍ സിങ് എന്നും ഓര്‍മ്മിക്കപ്പെടും. അതിനപ്പുറം ജീവിതത്തില്‍ ഉടനീളം കാണിച്ച സത്യസന്ധത രാജ്യത്തിന്റെ മനസില്‍ മായാതെനില്‍ക്കും.
രമേശ് ചെന്നിത്തല
ലോക സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യയെ പരിവര്‍ത്തനം ചെയ്ത ധിഷണാ ശാലിയായ ഭരണകര്‍ത്താവായിരുന്നു ഡോ.മന്‍മോഹന്‍ സിംഗ് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല അനുസ്മരിച്ചു. ഇന്ത്യയുടെ കരുതല്‍ സ്വര്‍ണ്ണശേഖരം പോലും വിദേശത്ത് കൊണ്ടു പോയി പണയം വയ്‌ക്കേണ്ട ദയനീയമായ അവസ്ഥയില്‍ നിന്ന് കരുത്തുറ്റ സാമ്പത്തിക ഭദ്രത രാഷ്ട്രത്തിന് സമ്മാനിച്ച സാമ്പത്തിക മാന്ത്രികനായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഇന്നത്തെ സാമ്പത്തിക സുസ്ഥിരതയ്ക്ക് മന്‍മോഹന്‍സിംഗിനോട് രാഷ്ട്രം കടപ്പെട്ടിരിക്കുന്നു. 2004 മുതല്‍ 2014 വരെയുള്ള ഇന്ത്യയുടെ നിര്‍ണ്ണായക കാലഘട്ടത്തില്‍ പ്രതിസന്ധികളില്‍ തളരാതെ പക്വതയോടെയും കരുത്തോടെയും ഇന്ത്യയെ മുന്നോട്ട് നയിച്ചു അദ്ദേഹം. ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്റെ സൂക്ഷമതയോടെ ഉദാരവത്ക്കരണത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടപ്പോഴും രാഷ്ട്രത്തിന്റെ അടിസ്ഥാന ജനതയെ അദ്ദേഹം മറന്നില്ല. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പോലുള്ള ശക്തമായ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയിപ്പോള്‍ അദ്ദേഹത്തിന്റെ ഭരണ നൈപുണ്യവും ദീര്‍ഘവീക്ഷണവും പ്രതിബദ്ധതയുമാണ് വ്യക്തമായത്. തികഞ്ഞ മതേതര വാദിയും മാന്യനും മിതഭാഷിയുമായിരുന്ന അദ്ദേഹം അടിയുറച്ച ഗാന്ധിയനുമായിരുന്നു. എനിക്ക് ദീര്‍ഘകാലത്തെ അടുത്ത ബന്ധമാണ് ഡോ.മന്‍മോഹന്‍സിംഗുമായി ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വേര്‍പാട് കനത്ത വേദന വേദനയാണ് എന്നില്‍ സൃഷ്ടിക്കുന്നത്. രാഷ്ട്രത്തിനും കോണ്‍ഗ്രസിനിനും കനത്ത നഷ്ടമാണ് ഡോ.മന്‍മോഹന്‍സിംഗിന്റെ മരണം മൂലം ഉണ്ടായിട്ടുള്ളത്.
കെ. സുധാകരന്‍ എംപി
ഇന്ത്യയെ ലോകത്തെ പ്രധാനസാമ്പത്തിക ശക്തികളിലൊന്നായി വളര്‍ത്തിയതില്‍ മന്‍മോഹന്‍ സിങിന്റെ ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവും ഏറെ സഹായകരമായിട്ടുണ്ട്.സമൂലമായ പരിഷ്‌കരണത്തിലൂടെ ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് അടിത്തറ പാകിയ ക്രാന്തദര്‍ശിയായ ഭരണാധികാരിയായിരുന്നു അദ്ദേഹം. ഉദാരവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും പാതയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ പൊളിച്ചെഴുത്താണ് മന്‍മോഹന്‍ സിങ് നടത്തിയത്. ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തില്‍ നട്ടം തിരഞ്ഞപ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് ആ പ്രതിസന്ധിയെ അതിജീവിക്കാന്‍ കരുത്ത് നല്‍കിയത് മന്‍മോഹന്‍ സിങ് തെളിച്ച സാമ്പത്തിക നയങ്ങളുടെ പാതയായിരുന്നു.
അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന നിരവധി നിയമങ്ങള്‍ പിന്നീട് രാജ്യത്തിന്റെ നട്ടെല്ലായി മാറി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സ്ത്രീ സുരക്ഷയ്ക്കായുള്ള നിയമനിര്‍മ്മാണം, വിദ്യാഭ്യാസ അവകാശ ബില്‍, ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍,വിവരാവകാശ നിയമം തുടങ്ങിയ ജനകീയ നിയമങ്ങള്‍ അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തില്‍ നടപ്പാക്കിയവയായിരുന്നു. കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളോടും നിലപാടുകളോടും അചഞ്ചലമായ കൂറും പുലര്‍ത്തിയ നേതാവാണ് അദ്ദേഹം. കാലം അടയാളപ്പെടുത്തിയ രാജ്യം കണ്ട മികച്ച കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരില്‍ ഒരാളാണ് മന്‍മോഹന്‍സിങ്. അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും അപരിഹാര്യമായ നഷ്ടമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.
കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു
സാമ്പത്തികമായി തകര്‍ന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഉറപ്പിക്കുകയും ഭരണ കാലയളവില്‍ ഇന്ത്യന്‍ ഭരണഘടന ചോദ്യം ചെയ്യപ്പെടാതെ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്ത ഭരണാധികാരിയായിരുന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.
ഇന്നത്തെ ഇന്ത്യ. ഒന്നും രണ്ടും യു.പി.എ സര്‍ക്കാരുകളുടെ കാലത്തും 33 വര്‍ഷത്തെ പൊതുപ്രവര്‍ത്തന ജീവിതത്തിലും മന്‍മോഹന്‍ സിംഗ് ഇന്ത്യയ്ക്കായി എന്ത് ചെയ്തെന്നതിന്റെ ഉത്തരം കൂടിയാണ് ഇന്നത്തെ ഇന്ത്യ.
ധനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം തുടങ്ങിവെച്ച സാമ്പത്തിക നയങ്ങള്‍ക്ക് പ്രധാനമന്ത്രിയായപ്പോള്‍ വെള്ളവും വളവും നല്‍കി ഇന്ത്യന്‍ വിപണിയുടെ ശക്തി വര്‍ധിപ്പിച്ചു. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും കുറയ്ക്കാന്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജനാധിപത്യം എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുന്ന വിവരാവകാശ നിയമം, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 27% പിന്നാക്ക സംവരണം, കര്‍ഷകരുടെ തിരിച്ചടയ്ക്കാന്‍ പറ്റാത്ത കടങ്ങള്‍ എഴുതിത്തള്ളാനുള്ള നടപടികള്‍, ആരോഗ്യരംഗത്തെ മികച്ച സേവനങ്ങള്‍ സാധാരണക്കാരിലേയ്ക്ക് എത്തിക്കാന്‍ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ തുടങ്ങി രാജ്യത്തിന്റെ ആവശ്യം അറിഞ്ഞുള്ള തീരുമാനങ്ങളായിരുന്നു മന്‍മോഹന്‍ സര്‍ക്കാരുകളുടേത്.
മത്സരങ്ങളുടെ രാഷ്ട്രീയക്കളത്തിലിറങ്ങി പൊരുതിയിട്ടില്ലെങ്കിലും അടിയുറച്ച രാഷ്ട്രീയ ബോധ്യമുള്ള വ്യക്തിയായിരുന്നു മന്‍മോഹന്‍ സിംഗെന്നത്, അവസാന കാലത്ത് പോലും രാജ്യം കണ്ടതാണ്. ഡല്‍ഹിയുടെ അധികാരപരിധി കുറക്കുന്ന ബില്‍ ചര്‍ച്ച ചെയ്യുന്ന വേളയില്‍ പ്രായത്തിന്റെ അവശതകള്‍ മറന്ന് പാര്‍ലമെന്റിലെത്തിയതിലൂടെ അദ്ദേഹത്തിന്റെ നിലപാട് വരും തലമുറയ്ക്കും മനസിലാക്കാന്‍ സാധിക്കും.
മന്‍മോഹന്‍ സിംഗില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനയും, ദീര്‍ഘവീക്ഷണമുള്ള പ്രധാനമന്ത്രിയും ആയിരുന്നു. അദ്ദേഹത്തെ അടുത്തറിയാനുള്ള അവസരം തനിക്ക് ലഭിച്ചിട്ടുണ്ട്. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ആദ്യം ഊര്‍ജ സഹമന്ത്രിയായും പിന്നീട് വ്യോമയാന സഹമന്ത്രിയായും പ്രവര്‍ത്തിച്ചപ്പോള്‍, മന്ത്രിസഭയിലെ പുതുമുഖമെന്ന നിലയില്‍ എനിക്ക് ലഭിച്ച പിന്തുണ മുന്നോട്ടുള്ള യാത്രയില്‍ ഏറെ പ്രചോദനവും കരുത്തുമായിരുന്നു. അന്ന് ലഭിച്ച പരിഗണന മറക്കാന്‍ കഴിയാത്തതാണ്. മാത്രമല്ല, സുനാമി കാലത്ത് കേരളത്തിലെത്തുകയും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ അടിയന്തര സ്വഭാവത്തോടെ ഇടപെടുകജും ചെയ്ത അദ്ദേഹം നല്‍കിയ പിന്തുണ സമാനതകളില്ലാത്തതാണ്.
താന്‍ വ്യോമയാന സഹമന്ത്രിയായിരുന്ന കാലത്ത്, കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സക്രിയമായ ഇടപെടലുകള്‍ നടത്തുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഞാന്‍ ഊര്‍ജ സഹമന്ത്രിയായിരുന്ന കാലത്ത്, പ്രധാനമന്ത്രി തന്നെ നേരിട്ട് ശ്രദ്ധ ചെലുത്തി നല്‍കിയ കേന്ദ്ര വിഹിതത്തോളം കേരളത്തിന് പില്‍ക്കാലത്ത് മറ്റൊന്നും ലഭിച്ചിട്ടുമില്ല. കേരളത്തിന്റെ വികസനത്തിലുടനീളം അദ്ദേഹം നടത്തിയ ഇടപെടുകളും ചെലുത്തിയ ശ്രദ്ധയും ഇന്നും ഓര്‍ക്കുന്നുവെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
ഭരണഘടനാ പദവിയുടെ അന്തസ്സിന് ഹാനി വരുത്താതെ, ഭരണഘടനയോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയെക്കുറിച്ച് തികഞ്ഞ ബോധ്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.ഇന്ത്യന്‍ ജനാധിപത്യത്തിനും രാഷ്ട്രത്തിനും സമാനതകളില്ലാത്ത നഷ്ടമാണ് മന്‍മോഹന്‍ സിങിന്റെ വേര്‍പാടെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
Pinarayi Vijayan VD Satheesan Ramesh Chennithala K Sudhakaran mourns on Manmohan Singh