തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതുമുതല്‍ സംസ്ഥാന സര്‍ക്കാര്‍ കേള്‍ക്കുന്ന പഴികള്‍ക്ക് കയ്യും കണക്കുമില്ല. മൂവാറ്റുപുഴയില്‍ രണ്ട് വയോധികരായ സ്ത്രീകള്‍ മണ്‍ചട്ടിയില്‍ ഭിക്ഷയാചിച്ചതും സംഭവം ഹൈക്കോടതിവരെ എത്തിയതും സര്‍ക്കാരിന് ചില്ലറ നാണക്കേടല്ല ഉണ്ടാക്കിയത്. ഇപ്പോഴിതാ മുടങ്ങിക്കിടന്ന ആറുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടികയില്‍ നിന്നും രണ്ടുമാസത്തെ ഗഡു നല്‍കുകയാണ് ഇന്നുമുതല്‍.
എന്നാല്‍, സംസ്ഥാനത്ത് ഏറ്റവും നല്ലരീതിയില്‍ നടക്കുന്നതാണ് ക്ഷേമപെന്‍ഷന്‍ വിതരണമെന്നും 45 രൂപ കര്‍ഷക തൊഴിലാളി ക്ഷേമപെന്‍ഷന്‍ നല്‍കി ആരംഭിച്ച സംവിധാനമാണ് ഇന്ന് ഈ നിലയില്‍ എത്തിയതെന്നും പുകഴ്ത്തി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ന് ക്ഷേമപെന്‍ഷന്‍ വിതരണം 1600 രൂപയായെന്നും എന്തിനാണ് ഇത്ര അധികം പേര്‍ക്ക്, ഇത്രയധികം തുക പെന്‍ഷന്‍ കൊടുക്കുന്നത് എന്നാണ് കേന്ദ്ര ധന മന്ത്രി പരസ്യമായി തന്നെ ചോദിച്ചതെന്നും അവരുടെ സാമ്പത്തിക നയമല്ല എല്‍ ഡി എഫ് ഇവിടെ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവരുടെ സാമ്പത്തിക നയം അവരുടേത് മാത്രമല്ല കോണ്‍ഗ്രസിന്റെത് കൂടിയാണ്. കോണ്‍ഗ്രസിനും ബി ജെ പിക്കും ഒരേ സാമ്പത്തിക നയമാണെന്നും ആ സാമ്പത്തിക നയം കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതും സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുന്നതും പാവപ്പെട്ടവരെ കൂടുതല്‍ പാപ്പരീകരിക്കുന്നതും ആണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ബദല്‍ നയത്തിലൂടെ ദാരിദ്ര്യം ഏറെകുറഞ്ഞ ഇന്ത്യയിലെ സംസ്ഥാനമാണ് കേരളമെന്ന് പറഞ്ഞ മുഖ്യമന്ത്രി 1600 എന്ന പെന്‍ഷന്‍ തുകയും വര്‍ദ്ധിപ്പിക്കണമെന്ന നിലപാടും സ്വീകരിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ വൈരാഗ്യം നിറഞ്ഞ സമീപനമാണ് കേരളത്തിലെ ക്ഷേമ പെന്‍ഷന്‍ വിതരണത്തെ വരെ ബാധിച്ചതെന്ന സത്യം ജനങ്ങളില്‍ നിന്ന് മറച്ചു വെക്കാനാണ് പ്രതിപക്ഷ നേതാവുള്‍പ്പെടെ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിലെ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷനുകള്‍ പ്രതിമാസം കൃത്യമായി നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും മുന്‍കാലങ്ങളില്‍ ഓണം, ക്രിസ്തുമസ്, വിഷു എന്നിങ്ങനെ ഉത്സവകാലങ്ങളില്‍ മാത്രമായിരുന്നു പെന്‍ഷന്‍ വിതരണംമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ചില അസാധാരണ സാഹചര്യങ്ങളാലാണ് ഏതാനും മാസത്തെ പെന്‍ഷന്‍ വിതരണം വൈകിയതെന്ന ന്യായീകരണവും മുഖ്യമന്ത്രി നടത്തി.