‘യുദ്ധമല്ല, സമാധാനമാണ് വേണ്ടത്, ഏത് സംഘര്‍ഷവും ചർച്ചകളിലൂടെ പരിഹരിക്കപ്പെടണം’; പോളണ്ടില്‍ ഇന്ത്യന്‍ സമൂഹവുമായി സംവദിച്ച് മോദി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളണ്ട് സന്ദർശനം തുടരുന്നു. ഇന്നലെ പോളണ്ടിൽ എത്തിയ മോദി ഇവിടുത്തെ ഇന്ത്യന്‍ സമൂഹവുമായി സംവദിച്ചു. ഇത് യുദ്ധത്തിനുമുള്ള സമയമല്ലെന്നും യുദ്ധമല്ല സമാധാനമാണ് ലോകത്തിന് വേണ്ടതെന്നും മോദി പറഞ്ഞു. ഏത് സംഘര്‍ഷവും നയതന്ത്രത്തിലൂടെയും ചർച്ചകളിലൂടെയും പരിഹരിക്കപ്പെടണമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. പോളണ്ട് തലസ്ഥാനമായ വാര്‍സോയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോദി ഇക്കാര്യം പറഞ്ഞത്.

പതിറ്റാണ്ടുകളായി എല്ലാ രാജ്യങ്ങളില്‍ നിന്നും അകലം പാലിക്കുക എന്ന നയമാണ് ഇന്ത്യക്കുള്ളത്. എന്നാല്‍ ഇന്നത്തെ ഇന്ത്യയുടെ നയം എല്ലാ രാജ്യങ്ങളുമായി അടുത്തിടപഴകുക എന്നതാണ്. ആഹ്‌ളാദാരവങ്ങളോടെയാണ് ഇന്ത്യന്‍ സമൂഹം പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്. 45 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ടില്‍ എത്തിയത്.

വാര്‍സയിലെ ഗുഡ് മഹാരാജ സ്‌ക്വയറടക്കം മോദി സന്ദര്‍ശിച്ചു. ജാംനഗറിലെ മുന്‍രാജാവിന്റെ സ്മാരകമാണിത്. മഹാരാജാ സ്‌ക്വയറിന് പുറമെ മറ്റ് രണ്ട് സ്മാരകങ്ങള്‍ കൂടി അദ്ദേഹം സന്ദര്‍ശിച്ചു. പോളണ്ട് സന്ദര്‍ശനം പൂർത്തിയാക്കി ഇന്നു വൈകിട്ടോടെ പ്രധാനമന്ത്രി യുക്രൈനിലേക്ക് ട്രെയിൻ മാർഗം പോകും.

More Stories from this section

family-dental
witywide