ന്യൂയോർക്ക്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലെ നസ്സാവു വെറ്ററൻസ് മെമ്മോറിയൽ കൊളീസിയത്തിൽ പ്രസംഗിക്കാൻ ആരംഭിച്ചു. ‘മോദിയും യുഎസും’ എന്ന പരിപാടിയിൽ 42 വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 15000 ഓളം ഇന്ത്യൻ പ്രവാസികളാണ് ഒത്തുകൂടിയിരിക്കുന്നത്. ‘ജന ഗണ മന’ എന്ന ഇന്ത്യയുടെ ദേശീയ ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. നമസ്തേ എന്നു പറഞ്ഞ് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ നമസ്തേ ഇന്ന് ആഗോളതലത്തിലേക്ക് വളർന്നിരിക്കുന്നുവെന്ന് പറഞ്ഞു. ‘മോദി മോദി’ എന്ന് ആർപ്പുവിളിച്ചാണ് സദസിലിരിക്കുന്നവർ പ്രധാനമന്ത്രിയുടെ വാക്കുകളെ വരവേറ്റത്.
തനിക്കു മുന്നിൽ മലയാളം, കന്നഡ, പഞ്ചാബി, ഗുജറാത്തി തുടങ്ങി പല ഭാഷകൾ സംസാരിക്കുന്നവർ ഉണ്ട്. ഭാഷ പലതാണെങ്കിലും എല്ലാവരുടെയും വികാരം ഒന്നാണ്, അത് ഭാരതമാണ് എന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ മൂല്യങ്ങളാണ് നമ്മെ ചേർത്തു നിർത്തുന്നതെന്നും പ്രസംഗത്തിൽ മോദി പറഞ്ഞു.
എഐ എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ല, മറിച്ച് അമേരിക്കയും ഇന്ത്യയുമാണെന്നും, അമേരിക്കയും ഇന്ത്യയും പുതിയ ലോകത്തിന്റെ ശക്തികളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.