ഗഗൻയാൻ: പാലക്കാട് സ്വദേശി പ്രശാന്ത് നായർ നയിക്കുന്ന നാലംഗ സംഘം ബഹിരാകാശത്തേക്ക്

ഇന്ത്യയുടെ പ്രഥമ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗന്‍യാനിലേക്ക് മലയാളി ഉൾപ്പെടുന്ന 4 സഞ്ചാരികളുടെ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിനു മുൻപാകെ അവതരിപ്പിച്ചു. പാലക്കാട് സ്വദേശിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർക്കു പുറമേ അജിത് കൃഷ്ണന്‍, അംഗത് പ്രതാപ്, ശുഭാന്‍ശു ശുക്ല എന്നിവരാണ് യാത്രികര്‍. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററി(വിഎസ്‌എസ്‌സി)ൽ നടന്ന ചടങ്ങിലാണ് ഇവരെ അവതരിപ്പിച്ചത്. വ്യോമസേനാ പൈലറ്റുമാരായ നാല് യാത്രികരും ഇന്നലെ വിഎസ്എസ്‍സിയില്‍ എത്തിയിരുന്നു.

നാല് യാത്രികരെയും പ്രധാനമന്ത്രി ആസ്ട്രോണട്ട് വിങ്സ് അണിയിച്ചു. പ്രശാന്താണ് സംഘത്തലവൻ. പാലക്കാട് നെന്മാറ കൂളങ്ങാട്ട് പ്രമീളയുടെയും വിളമ്പിൽ ബാലകൃഷ്ണന്റെയും മകനായ പ്രശാന്ത് ബി നായർ നാഷണൽ ഡിഫൻസ് അക്കാദമി(എൻഡിഎ)യിലെ പഠനത്തിനുശേഷമാണ് വ്യോമസേനയുടെ ഭാഗമാകുന്നത്. പാലക്കാട് അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളേജിൽ പഠിക്കവേയായിരുന്നു എൻഡിഎ പ്രവേശനം. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പഠനശേഷം 1999 ജൂണിലാണ് സേനയില്‍ ചേരുന്നത്. റഷ്യൻ നിർമിത സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റര്‍ പൈലറ്റാണ് പ്രശാന്ത്.1998 ൽ ഹൈദരാബാദ് വ്യോമസേന അക്കാദമിയിൽനിന്ന് സ്വേർഡ് ഓഫ് ഓണർ നേടി. 1999 ജൂണിൽ വ്യോമസേനയിൽ അംഗമായി. യുഎസ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി.

യാത്രയ്ക്കായി വ്യോമസേനയില്‍നിന്ന് നാലുപേരെ മൂന്നുവര്‍ഷം മുമ്പുതന്നെ തിരഞ്ഞെടുത്തിരുന്നു. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ ഐഎഎസ്ആർഒ രഹസ്യമായി വെക്കുകയായിരുന്നു.

കടുത്ത വെല്ലുവിളികളുള്ള സാഹചര്യങ്ങൾ അതിജീവിക്കാൻ ഏറ്റവും കഴിവുള്ളവരെന്ന നിലയിലാണ് വ്യോമസേനാ പൈലറ്റുമാരെ ഗഗൻയാൻ ദൗത്യത്തിനായി ഐഎസ്ആർഒ തിരഞ്ഞെടുത്തത്. നാല് പൈലറ്റുമാരും റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിൽ ഒന്നരവർഷം പരിശീലനം പൂർത്തിയാക്കിയിരുന്നു. തുടർന്ന് ബെംഗളൂരുവിൽ ഐഎസ്ആർഒയ്ക്കു കീഴിലെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിലും പരിശീലനം നടത്തി.

2025ൽ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ഇതിനുമുന്നോടിയായി രണ്ട് ആളില്ലാ ദൗത്യങ്ങൾ വിക്ഷേപിക്കും. ആദ്യ ദൗത്യം ഈ വർഷമുണ്ടാവും. ആളില്ലാ ദൗത്യങ്ങളിലൊന്നിൽ വ്യോംമിത്രം എന്ന റോബോട്ടിനെ ബഹിരാകാശത്ത് അയയ്ക്കും.

PM Modi Announces the names 4 Astronauts for Indias Gaganyaan Mission

More Stories from this section

family-dental
witywide